പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ ചോര്‍ച്ച; അപകട ഭീതിയില്‍ നാട്ടുകാര്‍
തുരുമ്പെടുത്ത പെന്‍സ്റ്റോക് പൈപ്പുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കണമെന്നാണ് പന്നിയാര്‍ ദുരന്തത്തിന്‍റെ നടക്കുന്ന ഓര്‍മകളുമായി കഴിയുന്ന നാട്ടുകാരുടെ ആവശ്യം
ഇടുക്കി പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ ചോര്‍ച്ച കണ്ടെത്തി. അഞ്ച് മെഗാവാട്ടിന്‍റെ രണ്ട് ജനറേറ്ററുകളുടെ പ്രവര്‍ത്തനം ഇതോടെ നിര്‍ത്തിവച്ചു. നാലു പഞ്ചായത്തിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി നിലകൊള്ളുന്ന പെന്‍സ്റ്റോക്ക് പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ വര്‍ഷങ്ങളായി നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
എഴുപത്തിയെട്ട് വര്‍ഷം മുമ്പ് ആരംഭിച്ച കേരളത്തിലെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസല്‍ പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പുകളാണ് ദുര്‍ബലമായ അവസ്ഥയിലുള്ളതെന്നാണ് കെ.എസ്.ഇ.ബിയുടെ തന്നെ കണ്ടെത്തല്‍. ഇതോടെ അഞ്ച് മെഗാവാട്ടിന്‍റെ രണ്ട് ജനറേറ്ററുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ ആഴ്ചയില്‍ നിര്‍ത്തിവച്ചു. കാലങ്ങളായി വെള്ളം അതിശക്തിയായി ഒഴുകുന്നതിനാല്‍ പത്ത് മില്ലിമീറ്റര്‍ കനമുണ്ടായിരുന്ന പെന്‍സ്റ്റോക്ക് പൈപ്പുകളുടെ കനത്തിലും പകുതിയിലേറെ കുറവുണ്ടായതായാണ് കണ്ടെത്തല്‍. അപകടകരമാം വിധം പലയിടങ്ങളിലും ചോര്‍ച്ചയും കണ്ടെത്തി. ജീവനു ഭീഷണി ഉയര്‍ത്തുന്ന തുരുമ്പെടുത്ത പെന്‍സ്റ്റോക് പൈപ്പുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കണമെന്നാണ് പന്നിയാര്‍ ദുരന്തത്തിന്‍റെ നടക്കുന്ന ഓര്‍മകളുമായി കഴിയുന്ന നാട്ടുകാരുടെ ആവശ്യം.
7.5 മെഗാവാട്ടിന്‍റെ രണ്ടും, അഞ്ച് മെഗാവാട്ടിന്‍റെ മൂന്നും ജനറേറ്ററുകളാണ് പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിക്കായി സ്ഥാപിച്ചിട്ടുള്ളത്. പള്ളിവാസല്‍, കുഞ്ചുത്തണ്ണി, ബൈസണ്‍വാലി അടക്കമുള്ള സ്ഥലങ്ങളിലെ ആയിരക്കണിക്കിന് ആളുകള്‍ക്ക് ഭീഷണിയാണ് ചോര്‍ന്നൊലിക്കുന്ന പള്ളിവാസല്‍ പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍. പന്നിയാര്‍ വാല്‍വ് ഹൌസില്‍നിന്ന് പവര്‍ ഹൌസിലേക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അടക്കം എട്ട് പേരാണ് 2007ലെ പന്നിയാര്‍ ദുരന്തത്തില്‍ മരിച്ചത്.