ഇടുക്കിയില്‍ മത്സ്യവില്‍പനക്കാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍
മാങ്കുളത്ത് മല്‍സ്യവില്‍പന നടത്തുന്ന മക്കാറിനെ ഒരു സംഘം റോഡില്‍വച്ച് ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഇടുക്കി മാങ്കുളത്ത് മത്സ്യവില്‍പ്പനക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കുളം സ്വദേശികളായ ജോര്‍ജ്, അരുണ്‍, എബി എന്നിവരാണ് അറസ്റ്റിലായത്. മത്സ്യം വിറ്റതിന്‍റെ കുടിശിക പണം ചോദിച്ചതിനെ തുടര്‍ന്നായിരുന്നു മര്‍ദനമെന്ന് മക്കാര്‍ പറഞ്ഞു.
മാങ്കുളത്ത് മല്‍സ്യവില്‍പന നടത്തിവരുന്ന മക്കാറിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു സംഘം റോഡില്‍വച്ച് ആക്രമിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ പൊലീസ് സംഭവത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ആനക്കുളം സ്വദേശികളായ ജോര്‍ജ്, മരുമകന്‍ അരുണ്‍, ബന്ധു എബി എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. മല്‍സ്യം വിറ്റതിന്‍റെ കുടിശിക തുക ചോദിച്ചപ്പോഴാണ് സംഘം ആക്രമിച്ചതെന്നാണ് മക്കാറിന്‍റെ പരാതി. പൊലീസില്‍ പരാതിപ്പെട്ടാല്‍ സ്ത്രീപീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും മക്കാര്‍ പറഞ്ഞു.
കോതമംഗലം സർക്കാർ ആശുപത്രിയില്‍ ചികിത്സയിലുള്ള മക്കാര്‍ മനുഷ്യാവകാശ കമ്മീഷനും സംഭവം സംബന്ധിച്ച് പരാതി നല്‍കി. എന്നാല്‍ മക്കാര്‍ അപമര്യാദയായി കുടുംബാംഗങ്ങളോട് പെരുമാറിയെന്നാണ് അക്രമികളുടെ വാദം. മക്കാറിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് അടിമാലി പത്താം മൈല്‍, ഇരുമ്പ് പാലം എന്നിവിടങ്ങളില്‍ വ്യാപാരികള്‍ രാവിലെ കടകളടച്ച് പ്രതിഷേധിച്ചു.