എം.എൽ.എമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം: സ്ഥാനാർഥി നിർണയ ചർച്ചകളെ സ്വാധീനിക്കും
സിറ്റിങ് എം.എല്‍.എമാരെ പാർലമെന്റ് സ്ഥാനാർഥികളായി പരിഗണിക്കേണ്ടെന്നാണ് ഇന്നലെ രാഹുൽ ഗാന്ധി വിളിച്ചു ചേർത്ത കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ അറിയിച്ചത്. പാർലമെന്ററി അവസരം ലഭിച്ചവർക്കു തന്നെ
എം.എൽ.എമാർ മത്സരിക്കേണ്ടെന്ന കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം കേരളത്തിലെ സ്ഥാനാർഥി നിർണയ ചർച്ചകളെയും സ്വാധീനിക്കും. ഉമ്മൻ ചാണ്ടി ഉൾപ്പെടെ ഏതാനം ചിലർക്കായി ഹൈക്കമാൻഡ് ഇളവ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കെ.പി.സി.സി നേതൃത്വം.
സിറ്റിങ് എം.എല്‍.എമാരെ പാർലമെന്റ് സ്ഥാനാർഥികളായി പരിഗണിക്കേണ്ടെന്നാണ് ഇന്നലെ രാഹുൽ ഗാന്ധി വിളിച്ചു ചേർത്ത കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ അറിയിച്ചത്. പാർലമെന്ററി അവസരം ലഭിച്ചവർക്കു തന്നെ വീണ്ടും സീറ്റു നൽകാതെ പുതുമുഖങ്ങളെ രംഗത്തിറക്കാൻ കൂടി ലക്ഷ്യമിട്ടാണ് രാഹുലിന്റെ തീരുമാനമെന്ന് അറിയുന്നു. ഉമ്മൻ ചാണ്ടി, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ എന്നിവരുടെ പേരുകളാണ് കേരളത്തിലെ സ്ഥാനാർഥി ചർച്ചകളിൽ ഉയർന്നു കേട്ടത്. ഇതിൽ ഉമ്മൻ ചാണ്ടിക്കായി കെ.പി.സി.സി നേതൃത്വവും സമ്മർദ്ദം ശക്തമാക്കിയിരുന്നു.
ഉമ്മൻ ചാണ്ടിയെ പ്രതീക്ഷിച്ചാണ് ഇടുക്കി ഡി.സി.സിയും മുന്നോട്ടു പോകുന്നത്. ഉമ്മൻ ചാണ്ടി മത്സര രംഗത്തിറങ്ങുന്നത് മൊത്തത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തെ ശക്തമാക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. പുതിയ തീരുമാനം വന്നതോടെ അത്തരം കണക്കു കൂട്ടലുകളാണ് മങ്ങുന്നത്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകുമെന്ന രാഹുലിന്റ വാക്കിൽ പ്രതീക്ഷയർപ്പിക്കുകയാണ് കെ.പി.സി.സി നേതൃത്വം.
അടൂർ പ്രകാശ് ആറ്റിങ്ങലിനായി ഒരുങ്ങി കഴിഞ്ഞതായാണ് സൂചന. മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച ഷാഫി പറമ്പിലിന്റെയും എറണാകുളം സീറ്റിൽ പരിഗണിക്കുന്ന ഹൈബി ഈഡന്റെയും മത്സര സാധ്യതയും പുതിയ തീരുമാനത്തോടെ മങ്ങി. ഈ മാസം 25 ഓടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ കോൺഗ്രസ്.