പെരിയ ഇരട്ടക്കൊല; മുഖ്യപ്രതികളെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
പീതാംബരന്റെയും സജി ജോര്‍ജിന്റേയും പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കുന്നത്.
പെരിയ ഇരട്ടക്കൊലപാതക്കേസിലെ മുഖ്യപ്രതികളെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പീതാംബരന്റെയും സജി ജോര്‍ജിന്റേയും പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കുന്നത്. ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
കേസില്‍ ഏഴ് പ്രതികളെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികളായ പീതാംബരന്റെയും സജി ജോര്‍ജിന്റെയും കസ്റ്റഡി കാലാവധി ഇന്ന് തീരും. ഇവരെ കാഞ്ഞങ്ങാട് കോടതിയിലാണ് ഹാജരാക്കുക. ഇവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. റിമാന്‍ഡിലുള്ള മറ്റു അഞ്ച് പ്രതികളെ കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടാനും ക്രൈംബാഞ്ച് അപേക്ഷ സമര്‍പ്പിച്ചേക്കും. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക പരിശോധനകള്‍ നടത്തി.
അതിനിടെ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചത്തിനെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.