തർക്കങ്ങൾ തുടർന്നാൽ പത്തനംതിട്ടയിലെ ഫലത്തെ ബാധിക്കുമെന്ന് ബി.ജെ.പിയോട് ആർ.എസ്.എസ്
ശബരിമല പ്രശ്നം വോട്ടാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ പേരിൽ ആർ.എസ്.എസ് ഉറച്ച് നിന്നത്. എന്നാൽ നായർ സമുദായത്തെ അവഗണിച്ചെന്ന പ്രശ്നമുയർന്നതോടെയാണ് പ്രഖ്യാപനം നടക്കാതായത്.
തർക്കങ്ങൾ തുടർന്നാൽ പത്തനംതിട്ടയിലെ ഫലത്തെ ബാധിക്കുമെന്ന് ബി.ജെ.പി ദേശീയ നേതൃത്വത്തോട് ആർ.എസ്.എസ്. എത്രയും പെട്ടെന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങണമെന്നും ആർ.എസ്.എസ് ആവശ്യപ്പെട്ടു.
ശബരിമല പ്രശ്നം വോട്ടാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ പേരിൽ ആർ.എസ്.എസ് ഉറച്ച് നിന്നത്. എന്നാൽ നായർ സമുദായത്തെ അവഗണിച്ചെന്ന പ്രശ്നമുയർന്നതോടെയാണ് പ്രഖ്യാപനം നടക്കാതായത്. ബി.ജെ.പി എ പ്ലസ് വിഭാഗത്തിൽ പെടുത്തിയ മണ്ഡലം എന്നതിനാൽ ഇപ്പോഴത്തെ തർക്കം ലഭിക്കേണ്ടുന്ന വോട്ടിനെ ബാധിക്കും. പ്രശ്നം നേതാക്കൾ മുൻകയ്യെടുത്ത് പരിഹരിക്കണമെന്നാണ് ആർ.എസ്. എസ് നിർദ്ദേശം. സാമൂഹ്യ മാധ്യമങ്ങൾ വഴി തർക്കങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിന് കാരണം നേതാക്കളുടെ നിലപാടാണെന്നും ആർ.എസ്. എസിന് പരാതിയുണ്ട്.
നായർ സ്ഥാനാർഥി പ്രശ്നവുമായി ബന്ധപ്പെട്ട് എൻ.എസ്.എസുമായി ബി.ജെ.പി ദേശീയ നേതൃത്വം ബന്ധപ്പെട്ടതായാണ് സൂചന. ഇതോടെ സുരേന്ദ്രന്റെ പേര് പ്രഖ്യാപിക്കാനാണ് ബി.ജെ.പി നീക്കം. അടുത്ത ദിവസം തന്നെ ബി.ഡി.ജെ.എസ് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചേക്കും. ഇതിനായി നാളെ തൃശൂരിൽ ബി.ഡി.ജെ.എസ് സംസ്ഥാന സമിതി ചേരും.