പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ മത്സരിക്കും; 11 സ്ഥാനാര്‍ഥികളെ കൂടി ബി.ജെ.പി പ്രഖ്യാപിച്ചു
പത്തനംതിട്ട ഉള്‍പ്പെടെ 11 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കൂടി ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു
ശബരിമല ഉള്‍കൊള്ളുന്ന പത്തനംതിട്ടക്കായി ബി.ജെ.പിയില്‍ നടന്ന പിടിവലിക്ക് ഒടുവില്‍ സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് ജയം. ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ ബി.ജെ.പി സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചു. സുരേന്ദ്രന്റെ പേര് ഉള്‍പ്പെടുത്തി മൂന്നാം സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പ്രസിദ്ധീകരിച്ചു. ആര്‍.എസ്.എസ് നിലപാടാണ് സുരേന്ദ്രന് ഗുണം ചെയ്തത്. കേരളത്തിലെ 20 സീറ്റിലും ബി.ജെ.പി സഖ്യം ജയിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു.
മണ്ഡലത്തിനായി നിലപാട് കടുപ്പിച്ചിരുന്ന സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഇത്തവണ മത്സര രംഗത്തുണ്ടാകില്ല. പകരം എന്‍.ഡി.എ പ്രചാരണ ചുമതല വഹിച്ചേക്കും. കരുത്തരായ സ്ഥാനാർഥികളെയാണ് ബി.ജെ.പി നിർത്തിയിരിക്കുന്നതെന്നും 20 മണ്ഡലത്തിലും ജയിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കെ. സുരേന്ദ്രന്റെ സ്ഥാനാർഥിത്തോട് പ്രതികരിക്കുകയായിരുന്നു ശ്രീധരൻപിള്ള.
ശ്രീധരന്‍പിള്ളക്കും സുരേന്ദ്രനും പുറമെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ആദ്യ ഘട്ടത്തില്‍ പത്തനംതിട്ടക്കായി ആവശ്യമുന്നയിച്ചിരുന്നു. പിന്നീട് ശ്രീധരന്‍പിള്ള പരിഗണന പട്ടികയില്‍ മേല്‍ക്കൈ നേടി. എന്‍.എസ്.എസ് അടക്കമുള്ളവരുടെ പിന്തുണ ആയിരുന്നു പിള്ളയുടെ തുറുപ്പ് ചീട്ട്. ഇതോടെ സുരേന്ദ്രന്‍ അനുയായികള്‍ അദ്ദേഹത്തിനായി പരസ്യ പ്രചാരണവും ബി.ജെ.പി സോഷ്യല്‍മീഡിയാ ഇടങ്ങളില്‍ കാമ്പയിനും ആരംഭിച്ചു. പുറമെ സംസ്ഥാന ആര്‍.എസ്.എസും സുരേന്ദ്രനൊപ്പം നിന്നു. ഇത്രയുമായതോടെ കേന്ദ്ര ഘടകം സുരേന്ദ്രനെ പരിഗണിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ ബി.ഡി.ജെ.എസില്‍ നിന്ന് തൃശൂര്‍ മണ്ഡലം തിരിച്ചടുത്ത് അവിടെ സുരേന്ദ്രനെ മത്സരിപ്പിക്കാനുള്ള സാധ്യത കൂടി പരിശോധിച്ച ശേഷമാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അന്തിമ തീരുമാനം എടുത്തത്.