പത്തനംതിട്ടയില്‍ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്
അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ശബരിമലയും പ്രധാന പ്രചാരണ വിഷയമാവുന്നുണ്ട്. സമുദായ സംഘടനകളും ഇത്തവണ പത്തനംതിട്ടയിൽ നിർണായക ശക്തികളാവും.
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ രണ്ടാം ഘട്ട പ്രചാരണങ്ങളിലേക്ക് കടന്നു. അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ശബരിമലയും പ്രധാന പ്രചാരണ വിഷയമാവുന്നുണ്ട്. സമുദായ സംഘടനകളും ഇത്തവണ പത്തനംതിട്ടയിൽ നിർണായക ശക്തികളാവും.
ലോക്സഭാ മണ്ഡലം രൂപംകൊണ്ട ശേഷം ഇതുപോലൊരു മത്സരം പത്തനംതിട്ടയിൽ ഉണ്ടായിട്ടില്ല. മണ്ഡല രൂപീകരണത്തിന് ശേഷം രണ്ട് തവണ തവണ നടന്ന തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ വിജയ പ്രവചനങ്ങളും സാധ്യമായിരുന്നു. സംസ്ഥാനത്ത് അതിശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലം. പത്തനംതിട്ട ദേശീയ ശ്രദ്ധ ആർജജിച്ചത് കൊണ്ടും വിജയം മൂന്ന് മുന്നണികൾക്കും പ്രധാനം. തീവ്രമായ പ്രചാരണം നടക്കുമെന്ന് ഉറപ്പ്. ദേശീയ വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് പ്രചാരണം നടത്തുമ്പോൾ എല്‍.ഡി.എഫ് മണ്ഡലത്തിലെ വികസന പ്രശ്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശബരിമല വിഷയം തന്നെയാണ് ബി.ജെ.പിയുടെ പ്രചാരണായുധം. മൂന്ന് മുന്നണികൾക്കും അടിയൊഴുക്കുകളും നിർണായകമാവും.
ശബരിമല യുവതീപ്രവേശ വിധിയെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങളുടെ കേന്ദ്രവും പത്തനംതിട്ടയായ സാഹചര്യത്തിൽ ഈ വിഷയം സംസ്ഥാന രാഷ്ട്രീയത്തിൽ എന്ത് പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നതും പത്തനംതിട്ടയിലെ ജനവിധിയിലൂടെ അറിയാം. കാർഷിക പ്രാധാന്യമാർന്ന മണ്ഡലത്തിൽ ഒട്ടേറെ തീർഥാടന കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗത്തിന് നിർണായക സ്വാധീനമാണ് മണ്ഡലത്തിലുള്ളത്. എൻ.എസ്.എസ്, എസ്.എൻ.ഡി.പി വോട്ടുകളും പ്രധാനമാണ്. ശബരിമല വിഷയത്തിൽ ഹിന്ദു വോട്ടുകൾ എവിടെ കേന്ദ്രീകരിക്കപ്പെടുമെന്നതും തെരഞ്ഞെടുപ്പ് വിജയത്തിൽ സ്ഥാനാർത്ഥികൾക്ക് നിർണായകമാവും.