ഞാൻ കള്ളനാണ് എന്നതാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പുതിയ മുദ്രാവാക്യമെന്ന് വി.എസ്
ഏറ്റവുമധികം പട്ടാളക്കാർ മരിച്ചുവീണത് മോദിയുടെ ഭരണകാലത്താണെന്നും വി.എസ് കുറ്റപ്പെടുത്തി.
ഞാൻ കള്ളനാണ് എന്നതാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പുതിയ മുദ്രാവാക്യമെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദൻ. ഏറ്റവുമധികം പട്ടാളക്കാർ മരിച്ചുവീണത് മോദിയുടെ ഭരണകാലത്താണെന്നും വി.എസ് കുറ്റപ്പെടുത്തി. പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്.
നരേന്ദ്ര മോദിയും കൂട്ടാളികളും ആലി ബാബായും 41 കള്ളന്മാരും എന്ന നിലയിലാണെന്നും ദളിതരും ആദിവാസികളും ബുദ്ധിജീവികളും തെരുവിൽ വർഗീയ ഫാസിസ്റ്റുകളുടെ കൊലകത്തിക്ക് ഇരയാവുകയാണെന്നും വി.എസ് പറഞ്ഞു. റഫാൽ എന്നാൽ കളവാണ് എന്നാണ് കൊച്ചു കുട്ടികൾ പോലും പറയുന്നത്.
ഉലകം ചുറ്റുന്ന പ്രധാനമന്ത്രിക്ക് ഇവിടെ കർഷകർ ആത്മഹത്യ ചെയ്യുന്നത് കാണാൻ കഴിയുന്നില്ല. ജി.എസ്.ടിയും നോട്ടു നിരോധനവും കാരണം ജനം വലഞ്ഞത് കാണാൻ കഴിഞ്ഞില്ല. ഇന്ത്യയുടെ സുരക്ഷ സമ്പദ്ഘടന മത നിരപേക്ഷത ഭരണഘടന എല്ലാം അപകടത്തിലാണെന്നും ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ചത് കഴിഞ്ഞ യു.പി. എ സർക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണമാണെന്നും വി.എസ് പറഞ്ഞു.