രാഹുൽ ഗാന്ധി നാളെ പത്തനംതിട്ടയിൽ
രാഹുൽ ഗാന്ധിയുടെ വരവിന് മുന്നോടിയായി കർശന സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്
യു.ഡി.എഫ് സ്ഥാനാർഥി ആൻ്റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി നാളെ പത്തനംതിട്ടയിൽ എത്തും. രാവിലെ പ്രമാടം ഇൻഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുൽ റോഡ് മാർഗ്ഗം സമ്മേളനം നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിൽ എത്തും. രാഹുൽ ഗാന്ധിയുടെ വരവിന് മുന്നോടിയായി കർശന സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
രാവിലെ 11:30ന് നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയത്തിന് പരിസരത്തെ താമസക്കാരുടെ മുഴുവൻ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിക്കുന്നവരുടെ വിവരവും ശേഖരിക്കുന്നുണ്ട്.
യോഗ സ്ഥലത്തേക്ക് രാവിലെ 9 മുതൽ പ്രവേശനം ആരംഭിക്കും. ബാരിക്കേഡുകൾ തിരിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഹുലിൻ്റെ വരവോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം പൂർണ്ണമായും അനുകൂലമാകുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ കണക്കുകൂട്ടൽ.