മലയാളികളുടെ ഒരൊറ്റ ക്ലിക്ക് മതി, ഫിന്‍ലാന്‍ഡിലെ ഈ കോഴിക്കോട്ടുകാരി വീട്ടമ്മക്ക് തന്‍റെ സ്വപ്നം നേടാന്‍
യാത്രകളെ പ്രണയിച്ച ഒരു പെണ്‍കുട്ടി ഇനി എത്തിപ്പിടിക്കാന്‍ പോകുന്നത് ആരും കടന്നുചെല്ലാന്‍ മടിക്കുന്ന ഒരു അതിസാഹസിക യാത്രയാണ്.
രണ്ടു കുട്ടികളുടെ അമ്മയായ ഒരു സാധാരണ വീട്ടമ്മയ്ക്ക് ജീവിതത്തിന്‍റെ ഏതറ്റം വരെ സ്വപ്നം കാണാം? അവളുടെ സ്വപ്നങ്ങള്‍ എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ആരാണ്...?
രണ്ടു കുട്ടികളുടെ അമ്മയാണ് എന്നതോ, വീട്ടമ്മയാണ് എന്നതോ ഒന്നും അവളുടെ സ്വപ്നത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളാവുന്നില്ല, തന്‍റെ സ്വപ്നം എന്തായിരിക്കണമെന്നും അത് നേടേണ്ടത് എങ്ങനെയാണെന്നും തീരുമാനിക്കേണ്ടത് അവള്‍ മാത്രമാണ്.. അത് എങ്ങനെയെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതിന്‍റെ മറുപടിയാണ് പ്രിയങ്ക നിതില്‍ എന്ന യുവതി. യാത്രകളെ പ്രണയിച്ച ഒരു പെണ്‍കുട്ടി ഇനി എത്തിപ്പിടിക്കാന്‍ പോകുന്നത് ആരും കടന്നുചെല്ലാന്‍ മടിക്കുന്ന ഒരു അതിസാഹസിക യാത്രയാണ്. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോ മീറ്റര്‍ വരുന്ന ആര്‍ട്ടിക് മേഖലയിലൂടെ ഏഴുദിവസം നീളുന്ന യാത്ര. ലോകത്തെ തന്നെ ഏറ്റവും സാഹസികമായ യാത്രകളില്‍ ഒന്നായ ആര്‍ട്ടിക് പോളാര്‍ എക്സ്‍പെഡിഷനില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ പ്രിയങ്ക നിതില്‍. ഫിയല്‍ റാവന്‍ എന്ന സ്വീഡിഷ് കമ്പനി എല്ലാവര്‍ഷവും നടത്തുന്ന ഈ യാത്രയുടെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ പ്രിയങ്ക..
കോഴിക്കോട് മലാപ്പറമ്പ് സ്വദേശിനിയാണ് പ്രിയങ്ക. യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ട കുട്ടിക്കാലം, അച്ഛനുമമ്മയ്ക്കുമൊപ്പമുള്ള കുടുംബയാത്രകള്‍, പഠനസമയത്ത് ബാംഗ്ലൂരില്‍ നിന്നും സ്‍കോട്‍ലാന്‍റില്‍ നിന്നുമുള്ള യാത്രകള്‍, ചിലപ്പോള്‍ തനിച്ച്, മറ്റുചിലപ്പോള്‍ ഇരട്ട സഹോദരി പ്രിയദക്കൊപ്പം. കല്യാണത്തിന് ശേഷം ഭര്‍ത്താവിനൊപ്പം ഫിന്‍ലന്‍റിലേക്ക് ചേക്കേറിയെങ്കിലും യാത്രകളെ കൂടെ കൂട്ടാന്‍ പ്രിയങ്ക മറന്നില്ല. രണ്ടു കുട്ടികളായിട്ടും സ്വപ്നങ്ങളെ കുഴിച്ചുമൂടാന്‍ അവള്‍ തയ്യാറായതുമില്ല. പോളാർ യാത്രയ്ക്കുള്ള പ്രിയങ്കയുടെ ആഗ്രഹത്തിന് തിരികൊളുത്തുന്നത് ആദ്യമായി പോളാർ യാത്രയ്ക്ക് പോയ മലയാളി നിയോഗ് കൃഷ്ണയാണ്.
ലോകത്തെമ്പാടുമുള്ള സാധാരണക്കാരില്‍ നിന്ന് 22 പേരെയാണ് ഈ യാത്രയിലേക്ക് തെരഞ്ഞെടുക്കുന്നത്. ഓരോ പ്രദേശത്തുനിന്നും രണ്ട് പേര്‍ വീതം. അതത് പ്രദേശത്തുനിന്ന് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വോട്ട് ലഭിക്കുന്ന ഒരാളും, ഫിയല്‍ റാവന്‍ കമ്പനി നിയോഗിച്ചിട്ടുള്ള ജൂറി തെരഞ്ഞെടുക്കുന്ന ഒരാളും. പ്രിയങ്ക മത്സരിക്കുന്നത്, നോർഡിക് ഈസ്റ്റ് റീജിയനിൽ നിന്നാണ്. 60 രാജ്യങ്ങളുടെ കൂട്ടായ്മയായ വേള്‍ഡ് കാറ്റഗറിയിലാണ് മറ്റുള്ള മലയാളികള്‍ മത്സരിക്കുന്നത്. നോർഡിക് ഈസ്റ്റ് റീജിയനിലെ 116 യൂറോപ്പിയന്‍മാരുമായി മത്സരിച്ച് നിലവില്‍ അഞ്ചാംസ്ഥാനത്താണ് പ്രിയങ്കയുള്ളത്. നോർഡിക് ഈസ്റ്റിൽ നിന്ന് മത്സരിക്കുന്ന ഏക ഫോറിൻ വനിതയും ഏക ഇന്ത്യക്കാരിയും, ഏക മലയാളിയും പ്രിയങ്കയാണ്. ഇനിയും മുന്നേറണമെങ്കില്‍ മലയാളികളുടെ സപ്പോർട്ടു കൂടിയേ തീരൂ പ്രിയങ്കയ്ക്ക്. മലയാളിയുടെ ഒരൊറ്റ ക്ലിക്ക് മതി ഈ കോഴിക്കോട്ടുകാരിക്ക് തന്‍റെ സ്വപ്നയാത്രയ്‍ക്കൊരുങ്ങാന്‍. www.voteforpriyanka.in എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി, പ്രിയങ്കയ്ക്കുള്ള വോട്ട് രേഖപ്പെടുത്താന്‍.
മത്സരത്തില്‍ പങ്കെടുക്കുന്ന മലയാളി എന്ന നിലയ്ക്ക് കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന ആര്‍ക്കും പ്രിയങ്ക എതിരാളി ആകുന്നില്ല. പ്രിയങ്കയ്ക്കും കൂടി വോട്ട് ചെയ്യുകയാണെങ്കില്‍ ഒന്നില്‍ കൂടുതല്‍ മലയാളികള്‍ക്ക് ഇത്തവണ ഫൈനല്‍ റൌണ്ടിലെത്താന്‍ പറ്റും. കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന മലയാളികളില്‍ വോട്ടിംഗില്‍ ഇപ്പോള്‍ ഒന്നാമതെത്തി നില്‍ക്കുന്നത് അഷ്‍റഫ് എക്സല്‍ എന്ന പാലക്കാടുകാരനാണ്. കേരളത്തില്‍ നിന്ന് യാത്രയ്ക്ക് തയ്യാറെടുക്കുന്ന ഏതൊരു വ്യക്തിയെ സപ്പോര്‍ട്ട് ചെയ്യുന്ന മലയാളിക്കും പ്രിയങ്കയ്ക്കും കൂടി വോട്ടു നല്‍കാന്‍ സാധിക്കും. മറ്റൊരു റീജിയണില്‍ നിന്ന് ഒരു മലയാളി, അതും ഒരു വീട്ടമ്മ മത്സരിക്കുന്നുണ്ടെന്ന് കേരളത്തിലുള്ള മലയാളികള്‍ക്ക് ഇനിയും അറിയില്ല.
നായകള്‍ വലിച്ചുകൊണ്ടുപോകുന്ന വണ്ടിയിലാണ് യാത്ര. ടെന്‍റും ഭക്ഷണവും ഉള്‍പ്പടെയുള്ള സാമഗ്രികള്‍ സൂക്ഷിക്കേണ്ടതുണ്ട് ഈ വണ്ടിയില്‍. നായകള്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കേണ്ടതുണ്ട്. 7 ദിവസവും രാത്രിയില്‍ ടെന്‍റ് അടിച്ചാണ് താമസിക്കുന്നത്. യാത്രയ്ക്കിടെ കാറ്റിനെ പ്രതിരോധിക്കാനായി മഞ്ഞുകട്ട കൊണ്ടുതന്നെ ചുമരുണ്ടാക്കി, ടെന്‍റ് അടിച്ച് അതിനുള്ളില്‍ താമസിക്കേണ്ടിവരും.
''അമ്മയാണെന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത്. തുറന്നു ചിന്തിക്കാനും എല്ലാവരെയും സഹായിക്കാനും സ്നേഹിക്കാനും പഠിപ്പിച്ചത്. ഈ ശ്രമം തന്നെ സ്വപ്നങ്ങൾക്ക് എന്നും രണ്ടാം സ്ഥാനം മാത്രം നൽകുന്ന എല്ലാ അമ്മമാർക്കും വേണ്ടിയാണ്. ഭയങ്കര കടമ്പകള്‍ നിറഞ്ഞതാണ്. പക്ഷേ പോയ എല്ലാവരും മറ്റൊരു ഗ്രഹത്തിലെത്തിയ പോലെയുള്ള അനുഭവമായിരുന്നു ആ യാത്ര എന്നാണ് പറഞ്ഞത്. അതുപോലെ തന്നെ പോയ ആളല്ല തിരിച്ചു വരുന്നത്. തിരിച്ചെത്തുമ്പേഴേക്കും നമ്മുടെ മനസ്സും ശരീരവും വ്യത്യസ്തമായി നമ്മള്‍ തീര്‍ത്തും മറ്റൊരാളായി മാറിയിട്ടുണ്ടാകും. അതുപോലെ യാത്രയ്ക്കിടെ നോര്‍ത്തേണ്‍ ലൈറ്റ്സ് എന്ന പ്രതിഭാസം കാണാം. അതായത് ആകാശത്ത് പലതരത്തിലുള്ള നിറങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഒരു തരം പ്രതിഭാസമാണത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും നമ്മള്‍ അനുഭവിക്കേണ്ട ഒരു യാത്രയാണത് - പ്രിയങ്ക പറയുന്നു.