നടിയെ അക്രമിച്ച കേസ്; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് ദിലീപിന്‍റെ വിടുതല്‍ ഹര്‍ജി
ക്വൊട്ടേഷന്‍ സംഘം പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം ഉന്നയിച്ചാണ് ദിലീപിന്‍റെ ഹരജി
നടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രത്യേക കോടതിയിലാണ് താരം ഹര്‍ജി സമര്‍പ്പിച്ചത്. നടിയെ അക്രമിച്ച കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. ക്വൊട്ടേഷന്‍ സംഘം പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്ന് കാണിച്ചാണ് ദിലീപ് വിചാരണ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
തെളിവായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ കൃതൃമം നടന്നിട്ടുണ്ടെന്നാരോപിച്ചാണ് താരത്തിന്‍റെ ഹര്‍ജി. എഡിറ്റിങ് നടന്നിട്ടുള്ളതിനാല്‍ ദൃശ്യങ്ങള്‍ സ്വീകരിക്കാനാകില്ലെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ തന്നെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്നും ദിലീപിന്‍റെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കോടതിയുടെ അനുമതിയോടെ അഭിഭാഷകനും വിദഗ്ദനുമൊപ്പം ദിലീപ് കഴിഞ്ഞ ദിവസങ്ങളില്‍ ദൃശ്യങ്ങള്‍ കണ്ടിരുന്നു. ദൃശ്യങ്ങള്‍ കണ്ടതിനു ശേഷമുള്ള വിദഗ്ദാഭിപ്രായമനുസരിച്ചാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയാണ് ദിലീപിന്‍റെ ഹര്‍ജി. വിചാരണക്കോടതി ഹർജി തള്ളിയാൽ ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാൻ അവസരമുണ്ട്. ദിലീപിന്‍റെ ഹര്‍ജിയില്‍ 31ന് കോടതി വാദം കേള്‍ക്കും.