സ്വർണക്കടത്തില്‍ നിരപരാധി: സ്വപ്ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസിനെ വിളിച്ചത് യുഎഇ കോണ്‍സുലേറ്റിന്‍റെ ആവശ്യ പ്രകാരം; സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് സ്വപ്ന

Update: 2020-07-10 01:04 GMT
Advertising

തിരുവനന്തപുരം സ്വർണക്കടത്തില്‍ നിരപരാധിയെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക നിർദ്ദേശ പ്രകാരം അഡ്വ. കെ രാംകുമാറാണ് കസ്റ്റംസിന് വേണ്ടി കോടതിയിൽ ഹാജരാകുക. കോൺസുലേറ്റിന്‍റെ ചാർജുള്ള വ്യക്തിയുടെ നിർദേശപ്രകാരം ‍ഈ സംഭവത്തിൽ ഇടപെട്ടതായി സ്വപ്ന തന്നെ ജാമ്യപേക്ഷയിലൂടെ സമ്മതിച്ചിട്ടുണ്ടന്നാണ് കസ്റ്റംസ് കോടതിയെ അറിയിക്കുക.

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയ്ക്കും സന്ദീപിനും വേണ്ടിയുള്ള തിരച്ചില്‍ കസ്റ്റംസ് ഊര്‍ജിതമാക്കുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.

യുഎഇ നയതന്ത്ര പ്രതിനിധിയുടെ അറിവോടെയാണ് സ്വർണം അടങ്ങിയ ബാഗേജ് എത്തിയതെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന വ്യക്തമാക്കിയിട്ടുള്ളത്. യുഎഇ കോൺസുലേറ്റിന്‍റെ ചാർജുള്ള റാഷിദ് ഖാമിസ പറഞ്ഞിട്ടാണ് താൻ ഈ വിഷയത്തിൽ ഇടപെട്ടത്. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കേസിലേക്ക് മാധ്യമങ്ങൾ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും സ്വപ്ന ഹരജിയില്‍ പറയുന്നു.

Full View

ജൂൺ 30തിനാണ് 30 കിലോ സ്വർണമടങ്ങിയ ബാഗേജ് കാർഗോ കോംപ്ലക്സിലെത്തിയത്. ബാഗേജ് വിട്ടുകിട്ടാതെ വന്നതോടെ കസ്റ്റംസിനെ ബന്ധപ്പെടാൻ റാഷിദ് ഖാമിസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കസ്റ്റംസ് അസി.കമ്മീഷണറെ താൻ ബന്ധപ്പെട്ടെന്ന് മുൻകൂർ ജാമ്യഹർജിയിൽ സ്വപ്ന വ്യക്തമാക്കുന്നു. ബാഗേജ് വിട്ടുകിട്ടണമെന്ന് കാട്ടി അപേക്ഷ തയാറാക്കാനും തന്നോട് ആവശ്യപ്പെട്ടിരുന്നു. താൻ തയാറാക്കിയ അപേക്ഷ ഖാമിസിന് ഇ മെയിൽ ചെയ്തിട്ടുണ്ട്. ബാഗേജ് പിടിച്ചുവെച്ചതോടെ ജൂലൈ 3ന് ഇത് തിരിച്ചയക്കാൻ യുഎഇ നയതന്ത്ര പ്രതിനിധിയുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നത്. സ്വർണം പിടിച്ചതോടെ ഭക്ഷ്യവസ്തുക്കൾ മാത്രമാണ് തന്‍റേതെന്ന് നയതന്ത്ര പ്രതിനിധി കസ്റ്റംസിനെ അറിയിച്ചെന്നും ഹർജിയിലുണ്ട്.

യുഎഇ കോൺസുലേറ്റിലെ ജോലി അവസാനിപ്പിച്ചതാണ്. എന്നാൽ പ്രവൃത്തിപരിചയം കണക്കിലെടുത്ത് കോവിഡ് പശ്ചാത്തലത്തിൽ ചില സഹായങ്ങൾ ചെയ്തുനൽകാറുണ്ടെന്നും മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു.

Full View

അതേസമയം കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ശബ്ദ വിശദീകരണവുമായി രംഗത്തുവന്നു. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ഒരു തിരിമറിയും നടത്തിയിട്ടില്ലെന്നും മാറി നില്ക്കുന്നത് ഭയം കൊണ്ടാണെന്നും സ്വപ്ന വെളിപ്പെടുത്തി. തിരുവനന്തപുരം സ്വർണക്കടത്ത് കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് നാളെ കോടതി പരിഗണിക്കും. കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മറ്റൊരു പ്രധാനി സന്ദീപ് നായര്‍ ഒളിവിലാണ്. സന്ദീപിന് വേണ്ടിയും കസ്റ്റംസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News