പൊതുസ്ഥലങ്ങളില്‍ ഈദ്ഗാഹില്ല; ബലികര്‍മവുമായി ബന്ധപ്പെടുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ്

പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം

Update: 2020-07-23 14:32 GMT
Advertising

ബലികര്‍മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബലി പെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ മുസ്ലീം മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ഭീഷണി ഗുരുതരമായി ഉയര്‍ന്നുവരുന്ന സാഹചര്യം കണക്കിലെടുത്താണ് ചര്‍ച്ച നടത്തിയത്. സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ പിന്തുണ അഭ്യര്‍ഥിച്ചുവെന്നും എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താമെന്ന നിര്‍ദേശം യോഗത്തില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവെച്ചു. ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ നടത്തുകയുള്ളൂ എന്ന് അവര്‍ ഉറപ്പ് നല്‍കി. പരമാവധി ആഘോഷങ്ങള്‍ ചുരുക്കി നിര്‍ബന്ധിതനമായ ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കും. പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. പൊതു സ്ഥലങ്ങളില്‍ ഈദ്ഗാഹ് ഉണ്ടായിരിക്കുന്നതല്ല. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പള്ളികളില്‍ പരമാവധി 100 പേരില്‍ അധികം പാടില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ബലികര്‍മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും ധാരണായി. ടൗണിലെ പള്ളിയില്‍ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനും ശ്രദ്ധയുണ്ടാകണം. നേരത്തെ തുറക്കാതിരുന്ന പള്ളികളില്‍ അതേനില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News