തിരുവല്വാമല റഫീഖ് കൊലപാതകം: സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം
ഇരുവരുമായുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന
തൃശൂര്‍ തിരുവല്വാമല റഫീഖ് കൊലപാതകത്തില്‍ സുഹൃത്ത് ഫാസിലിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. ഇരുവരുമായുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന. പരിക്കേറ്റ് ചികിത്സയിലുള്ള ഫാസിലിനെ ആശുപത്രിയിൽ വെച്ച് അന്വേഷണസംഘം ചോദ്യംചെയ്യുകയാണ്.
ഇന്നലെ പിടിയിലായ പാലക്കാട് സ്വദേശി ഷെബീർ അലിയെ പൊലീസ് ചോദ്യം ചെയ്തു. കൊലപാതകം നടക്കുന്നതിന്‍റെ തലേ ദിവസം റഫീഖിന്‍റെ വാടക വീട്ടിൽ സംഘർഷമുണ്ടായത് നാട്ടുകാർ കണ്ടിരുന്നു. അപ്പോഴവിടെയുണ്ടായിരുന്ന മൂന്ന് പേരിൽ ഒരാളാണ് ഷെബീർ അലി.
അതേസമയം അന്തിക്കാട് നിധിൻ കൊലപാതകത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെയും ഇവരെ സഹായിച്ച ഒരാളെയും അറസ്റ്റ് ചെയ്തു. മുറ്റിച്ചൂർ സ്വദേശി സനൽ, അന്തിക്കാട് സ്വദേശി ശ്രീരാഗ് എന്നിവരാണ് കൃത്യത്തിൽ നേരിട്ട് പങ്കുള്ളവർ. സനലിനെ തൃശ്ശൂരിൽ നിന്നും ശ്രീരാഗിനെ എറണാകുളം പനങ്ങാട് നിന്നുമാണ് പിടികൂടിയത്. ശ്രീരാഗിനെ സഹായിച്ച അനുരാഗിന്‍റെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തി. ഇനി കണ്ടെത്താനുള്ള നാല് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. ജില്ലക്ക് അകത്തും, പുറത്തുമായി പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അറസ്റ്റിലായവരിൽ നിന്നും ബാക്കിയുള്ളവരെക്കുറിച്ച് വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.