''അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു''; എം.എൽ.എമാർക്കെതിരായ നീക്കം പ്രതിരോധിക്കാൻ യു.ഡി.എഫ്

എം.സി കമറുദ്ദീന് പിന്നാലെ കൂടുതൽ യു.ഡി.എഫ് എം.എൽ.എമാർക്കും നേതാക്കൾക്കുമെതിരായ കേസുകൾ സർക്കാർ പൊടി തട്ടിയെടുക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് യു.ഡി.എഫ്. നീക്കം

Update: 2020-11-09 07:53 GMT
Advertising

സംസ്ഥാനത്തെ അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന വിമർശനമുയർത്തി എം.എൽ.എമാർക്കെതിരായ നീക്കം പ്രതിരോധിക്കാനൊരുങ്ങി യു.ഡി.എഫ്. എം.സി കമറുദ്ദീന് പിന്നാലെ കൂടുതൽ യു.ഡി.എഫ് എം.എൽ.എമാർക്കും നേതാക്കൾക്കുമെതിരായ കേസുകൾ സർക്കാർ പൊടി തട്ടിയെടുക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് യു.ഡി.എഫ്. നീക്കം.

കേന്ദ്രസർക്കാറിനെതിരെ സി.പി.എമ്മും മുഖ്യമന്ത്രിയും ഉന്നയിക്കുന്ന ആരോപണങ്ങൾ തന്നെയാണ് സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫും ഉന്നയിക്കുന്നത്. എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്ത നടപടിയെ ഉദാഹരണമായി യു.ഡി.എഫ് നേതാക്കൾ വിശദീകരിക്കുന്നു. കച്ചവടത്തിൽ നഷ്ടമുണ്ടായതിനെത്തുടർന്ന് നിക്ഷേപകർക്ക് പണം നൽകാത്തതാണ് സംഭവം. എന്നാൽ ഗുരുതര വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുന്നു.

അറസ്റ്റ് വിവരം പൊലീസ് തന്നെ നേരത്തെ മാധ്യമങ്ങൾക്കു മുന്നിൽ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും മുന്നിൽകണ്ട് സോളാർ കേസ് പ്രതി സരിത എസ്. നായരുടെ മൊഴി രേഖപ്പെടുത്തി, എം.എൽ.എമാരെ ലക്ഷ്യമിട്ട് നീക്കം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കേന്ദ്ര സർക്കാരിനെ പോലെ സംസ്ഥാന സർക്കാരും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിന്‍റെ തെളിവായാണ് യു.ഡി.എഫ് ഇതിനെ ഉയർത്തിക്കാണിക്കുന്നത്.

ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ് നടന്ന ദിവസം ബാലാവകാശ കമ്മീഷന്‍റെയും പോലീസിന്‍റെയും ഇടപെടലും മറ്റൊരുദാഹരണമായി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വർണ്ണക്കടത്ത്, ബിനീഷിനെതിരായ കേസ് എന്നിവയിൽ എൽ.ഡി.എഫ് കേന്ദ്രസർക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണം, സംസ്ഥാന സർക്കാരിനെതിരേ ഉന്നയിക്കുന്നത് എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കുമെന്നും യു.ഡി.എഫ് കരുതുന്നു.

Tags:    

Similar News