''ഞാന്‍ സങ്കരയിനമാണെങ്കില്‍ ഇദ്ദേഹം ഏത് ഇനമാണ്, ഇടത് നേതാവാണെന്നാണ് അവകാശ വാദം, പാര്‍ട്ടി ചിഹ്നം പോലുമില്ല'' ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പില്‍
കെ.ടി ജലീല്‍ പരാജയപ്പെട്ടാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരാമെന്നും താൻ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തണ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. ഓണ്‍ലൈന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നംപറമ്പിലാണ് സിറ്റിംഗ് എം.എല്‍.എയായ കെ.ടി ജലീലിനെ നേരിടുന്നത്. തുടക്കത്തില്‍ തന്നെ ആരോപണ പ്രത്യാരോപണങ്ങളിലൂടെയാണ് ഇരു സ്ഥാനാര്‍ഥികളും തങ്ങളുടെ പ്രചാരണം കൊഴുപ്പിക്കുന്നത്.
തനിക്കെതിരെ മത്സരിക്കുന്നത് സങ്കരയിനം സ്ഥാനാര്‍ഥിയാണെന്ന കെ.ടി ജലീലിന്‍റെ പ്രസ്താവനക്കതിരെ അതേനാണയത്തില്‍ തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍. ഞാൻ സങ്കരയിനമാണെങ്കിൽ ഇദ്ദേഹം ഇതേത് ഇനമാണ്. ഫിറോസ് കുന്നംപറമ്പിൽ ഒരു കോൺഗ്രസുകാരനായിരുന്നു. ഇപ്പോൾ ലീഗിലേക്ക് വന്നു. ഇപ്പോൾ യു.ഡി.എഫ് സീറ്റിൽ കൈപ്പത്തി അടയാളത്തിൽ ഞാൻ മത്സരിക്കുന്നു. പക്ഷേ അദ്ദേഹം ലീഗുകാരനായിരുന്നു.
ഇപ്പോൾ സി.പി.എം ആണെന്ന് പറയുന്നുണ്ട്. അവരോട് ചോദിച്ചാൽ പറയും ഞങ്ങളുടെ ആളല്ല എന്ന്. ചിഹ്നം ചോദിച്ചാൽ ആക്രിക്കടയിലെ കപ്പും സോസറുമാണ്. ഇദ്ദേഹമാണ് ഫിറോസ് ഒരു സങ്കരയിനമാണെന്ന് പറയുന്നത്''. ഫിറോസ് പറഞ്ഞു. കെ.ടി ജലീല്‍ പരാജയപ്പെട്ടാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരാമെന്നും താൻ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തവനൂരില്‍ തോല്‍വിയാണെങ്കില്‍ ഫിറോസ് കുന്നംപറമ്പിലിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കും, അതില്‍ യാതൊരു വിധ സംശയവും വേണ്ട. മാഷാ അല്ലാഹ് എന്നൊക്കെ ഒട്ടിച്ച ഇന്നോവ ഒക്കെ ഓടിച്ചുനടക്കുന്ന കാലമാണല്ലോ. എന്തു വേണമെങ്കിലും സംഭവിക്കാമെന്ന് ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.