അശ്വിന്‍ ഭീം നാഥ്; പോര്‍ക്കളത്തിലെ പ്രായം കുറഞ്ഞ പോരാളി
വയനാട് ജില്ലയിലെ കല്‍പ്പറ്റ മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയാണ് 25കാരനായ അശ്വിന്‍.
നിലവിലുള്ള എല്ലാ മുന്നണികള്‍ക്കുമെതിരായി ഒരു ബദല്‍ രാഷ്ട്രീയത്തിനായുള്ള യുവത്വം തുടിക്കുന്ന പ്രചാരണങ്ങളാണ് ഇത്തവണ വയനാട് ജില്ലയിലെ കല്‍പ്പറ്റ മണ്ഡലത്തില്‍ കാണാന്‍ സാധിക്കുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളില്‍വച്ച് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയുള്ളത് ഈ മണ്ഡലത്തിലാണ്.
വെങ്ങപ്പള്ളി സ്വദേശിയായ അശ്വിൻ ഭീം നാഥാണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. 25 വയസും അഞ്ച് മാസവുമാണ് അശ്വിന്‍റെ പ്രായം. ബി.എസ്.പി സ്ഥാനാർഥിയായാണ് അശ്വിന്‍ മത്സരിക്കുന്നത്.
കോഴിക്കോട് സോഫ്റ്റ് വെയർ എൻജിനീയറായിരുന്നു അശ്വിൻ. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടു. തന്നെപോലുള്ള ഒരുപാടുപേർക്ക് പ്രചോദനമാകാനാണ് സ്ഥാനാർഥിയായതെന്ന് അശ്വിന്‍ പറയുന്നു. യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയാണ് ഇത്തവണ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
പ്രായത്തിൽ ഇളയവനാണെങ്കിലും തലമുതിർന്ന നേതാക്കൾ പറയുന്നതിനേക്കാള്‍ മികച്ച വാഗ്ദാനങ്ങളാണ് അശ്വിൻ നൽകുന്നത്. മാറിമാറി ഭരിച്ച മുന്നണികൾക്ക് ഒരു ബദൽ വേണമെന്നും അതിനായുള്ള പോരാട്ടത്തിന്‍റെ തുടക്കമാണിതെന്നും അശ്വിന്‍ വ്യക്തമാക്കി.
യുവത്വത്തെ ജനം അംഗീകരിക്കുന്നുണ്ടെന്നും നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും അശ്വിന്‍ പറയുന്നു. മണ്ഡലത്തിന്‍റെ ഭൂരിഭാഗമിടങ്ങളിലും ആദ്യഘട്ട പര്യടനം പൂർത്തിയാക്കിയ അശ്വിന്‍ ഇനിയുള്ള ദിവസങ്ങളിൽ ഓരോ വോട്ടർമാരെയും നേരിട്ട് കാണാനുള്ള ശ്രമത്തിലാണ്.