ബാങ്കു വിളിച്ചു, ബൽറാം തൊട്ടുവിളിച്ചു; പ്രസംഗം നിർത്തി രാഹുൽ
ബാങ്ക് കഴിഞ്ഞ ശേഷമാണ് രാഹുൽ പ്രസംഗം തുടർന്നത്
പള്ളിയിൽ നിന്ന് ബാങ്കു വിളിച്ച വേളയിൽ പ്രഭാഷണം നിർത്തി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. തൃത്താലയിൽ വി.ടി ബൽറാം എംഎൽഎയ്ക്ക് വേണ്ടിയുള്ള പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. ബാങ്ക് വിളിച്ച വേളയിൽ പരിഭാഷകന്‍ കൂടിയായ ബൽറാം രാഹുലിനെ തൊട്ടുവിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ രാഹുൽ പ്രസംഗം നിർത്തി. ബാങ്ക് കഴിഞ്ഞ ശേഷമാണ് രാഹുൽ പ്രസംഗം തുടർന്നത്.
പ്രസംഗത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷമായ വിമർശമാണ് രാഹുൽ ഉന്നയിച്ചത്. ഇരു സർക്കാറും സമ്പദ് വ്യവസ്ഥയെ തകിടംമറിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'ഇന്ധനമില്ലെങ്കിൽ മുഖ്യമന്ത്രിയുടെ കാറും ഓടില്ല. ആക്‌സിലറേറ്റർ ചവിട്ടിയിട്ടും കാര്യമില്ല. എന്താണ് സംഭവിച്ചത് എന്ന് കാൾമാക്‌സിന്റെ പുസ്തകം നോക്കിയിട്ടും പരിഹാരമുണ്ടാകില്ല. ആ പുസ്തകങ്ങളിൽ നിന്ന് ഉത്തരങ്ങൾ കണ്ടെത്താനാകില്ല. എന്നാൽ യുഡിഎഫിന് ഉത്തരങ്ങളുണ്ട്. എങ്ങനെയാണ് സമ്പദ് വ്യവസ്ഥ ചലിപ്പിക്കേണ്ടത് എന്ന് യുഡിഎഫിന് അറിയാം. അതിന്റെ ഉത്തരമാണ് പ്രതിമാസം ആറായിരം രൂപ ദരിദ്രരുടെ ബാങ്ക് അക്കൗണ്ടിലെത്തുന്ന ന്യായ് പദ്ധതി' - അദ്ദേഹം പറഞ്ഞു.
'ക്ഷേമപെൻഷൻ മുവ്വായിരമാക്കി ഉയർത്തും. കാർഷിക വിളകളുടെ താങ്ങുവില ഉയർത്തും. കേരളം മുന്നോട്ടു പോകും. കേരളത്തിൽ ഒരുപാട് പേർക്ക് ബാങ്ക് അക്കൗണ്ടുകളുണ്ട്. എന്നാൽ അതിലൊന്നുമില്ല. അവർക്ക് ആശങ്കയുണ്ട്. ആ ആശങ്ക ഒറ്റയടിക്ക് പരിഹരിക്കാൻ ന്യായ് പദ്ധതിക്കാകും'- അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറുപ്പക്കാർക്ക് തൊഴിൽ നൽകുക എന്നതാണ് കേരളം നേടുന്ന വലിയ വെല്ലുവിളി. ആറു മാസത്തിനുള്ളിൽ തൊഴിൽ സൃഷ്ടിക്കാൻ ഞങ്ങൾക്കാകും. കോൺഗ്രസിന്റെ 55 ശതമാനം സ്ഥാനാർത്ഥികളും യുവാക്കളാണ്. ബൽറാം അതിന്റെ പ്രതിനിധിയാണ്. ഭാവിയെ കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്- രാഹുൽ കൂട്ടിച്ചേർത്തു.