'വഴിയിലുപേക്ഷിച്ചവർക്ക് മറുപടി നൽകുക' കുഞ്ഞാലിക്കുട്ടിയെ ട്രോളി സാനുവിന്റെ പ്രചാരണ വീഡിയോ
ലോക്സഭാ അംഗത്വം രാജിവെച്ച പി കെ കുഞ്ഞാലിക്കുട്ടിയെ ട്രോളിയാണ് വീഡിയോ
Update: 2021-03-29 13:14 GMT
മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ വി.പി സാനുവിന് വോട്ടഭ്യർത്ഥിച്ചുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ലോക്സഭാ അംഗത്വം രാജി വെച്ച പി കെ കുഞ്ഞാലിക്കുട്ടിയെ ട്രോളിയാണ് വീഡിയോ. അവതരണത്തിലെ വ്യത്യസ്തതയാണ് വീഡിയോ ശ്രദ്ധേയമാക്കുന്നത്. ചെസ്സ് കളിക്കാനിരുന്നയാൾ പാതിവഴിയിൽ ഉപേക്ഷിച്ച് എഴുന്നേറ്റ് കാരംസ് കളിക്കാൻ പോവുകയും കൂടെ കളിക്കാനിരുന്നയാൾ ബെഞ്ചിൽ നിന്നും മറിഞ്ഞു വീഴുന്നതുമാണ് ദൃശ്യങ്ങളിൽ.
'പോരാട്ടങ്ങൾ പകുതിയിൽ അവസാനിപ്പിക്കുന്ന അവസരവാദരാഷ്ട്രീയത്തെ തിരിച്ചറിയുക.നേരുള്ള നിലപാടുള്ള പ്രത്യയശാസ്ത്രത്തെ വിജയരഥമേറ്റുക' എന്ന തലക്കെട്ടിലാണ് വീഡിയോ സാനു ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. ശ്രീഹരി തറയിലാണ് പ്രചാരണ വീഡിയോവിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.