പ്രവചനങ്ങള്‍ക്കപ്പുറം കഴക്കൂട്ടം; ആര് വാഴും ആര് വീഴും?

വികസനവുമായി കടകംപള്ളി, ശബരിമലയുമായി ശോഭ, ആരോഗ്യ രംഗത്തെ പ്രാവീണ്യവുമായി ലാല്‍

Update: 2021-03-30 11:10 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ ഉപനഗരമാണ് കഴക്കൂട്ടം. ടെക്നോപാര്‍ക്കും ഇന്‍ഫോസിസും യു.എസ്.ടിയും ഉള്‍പ്പെട്ട ഐ.ടി ആസ്ഥാനം. സര്‍ക്കാര്‍, സര്‍ക്കാരിതര ജീവനക്കാര്‍ ഒട്ടേറെയുള്ള മണ്ഡലം. ആര്‍ക്കും പെട്ടെന്ന് പിടിതരാത്ത വോട്ടര്‍മാര്‍. അതുകൊണ്ടു തന്നെ എന്താകും വിധിയെന്ന് അന്തിമ തിരഞ്ഞെടുപ്പ് ഫലം വരെ കാക്കുകയേയുള്ളൂ വഴി. പോരാട്ടച്ചൂട് അത്രമേല്‍ രൂക്ഷമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്പേ സ്ഥാനാര്‍ത്ഥിത്വം കടകംപള്ളി സുരേന്ദ്രന്‍ ഉറപ്പിച്ചിരുന്നു. 2016ല്‍ നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ യു.ഡി.എഫിലെ എം.എ. വാഹിദിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അദ്ദേഹം ജയിച്ചത്. ആ ക്ഷീണം മാറ്റാന്‍ ഡോ.എസ്.എസ് ലാലിന് കഴിയുമെന്നാണ് ഇത്തവണ കോണ്‍ഗ്രസിന്റെ പ്രതീക്ഷ. യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ ലാലാകും ആരോഗ്യമന്ത്രി എന്ന് കെ.പി.സി.സി അധ്യക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ആരോഗ്യരംഗത്തെ എസ്.എസ്. ലാലിന്റെ പ്രാവീണ്യം പ്രൊഫഷണല്‍ വോട്ടുകള്‍ മുന്നണിയിലേക്കെത്തിക്കുമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ട്. 

വൈകിയാണ് എന്‍.ഡി.എ കഴക്കൂട്ടത്തേക്കുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ വീണ്ടുമെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും മത്സരിക്കുന്നില്ലെന്ന് അദ്ദേഹം തീരുമാനമെടുത്തു. ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം ഇടഞ്ഞു. പക്ഷേ, കേന്ദ്ര പിന്തുണയോടെ ശോഭ സ്ഥാനാര്‍ത്ഥിയായി. ദേവസ്വം മന്ത്രി കൂടിയായതിനാല്‍ കടകംപള്ളിക്കറിയാമായിരുന്നു ശബരിമല ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുക കഴക്കൂട്ടത്തായിരിക്കുമെന്ന്. ശോഭ വന്നു, ശബരിമലയുമായി. ഖേദ പ്രകടനം നടത്തിനോക്കി മന്ത്രി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും കണക്കിനു കൊടുത്തു. അതോടെ കടകംപള്ളി ശബരിമല വിട്ട് വികസനമാക്കി മുഖ്യ ചര്‍ച്ചാ വിഷയം. ഇതിനിടയില്‍ ബി.ജെ.പി-സിപിഎം സംഘര്‍ഷമൊക്കെ മണ്ഡലത്തില്‍ അരങ്ങേറി. പോലീസ് റൂട്ട് മാര്‍ച്ചൊക്കെ ജനം കണ്ടു. 

കടകംപള്ളി ജയിക്കുന്പോള്‍ ഭൂരിപക്ഷം 7347 ആയിരുന്നു. രണ്ടാം സ്ഥാനത്തായിരുന്ന വി.മുരളീധരന്‍ നാല്‍പതിനായിരത്തിനുമേല്‍ വോട്ടു നേടി. എന്നാല്‍ 2019ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. മുന്നിലെത്തി. എല്‍.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്കിറങ്ങി. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിന്നെയും കാര്യങ്ങള്‍ മാറ്റി മറിച്ചു. എല്‍.ഡി.എഫ് വീണ്ടും ഒന്നാമതെത്തി. യു.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോവിഡ് കാരണം ഐ.ടി. പ്രൊഫഷണലുകളൊക്കെ നാട്ടിലേക്ക് മടങ്ങി. ഇവര്‍ വോട്ടുചെയ്യാന്‍ എത്തുമോ എന്ന കണക്കുകൂട്ടലിലാണ് സ്ഥാനാര്‍ത്ഥികള്‍. മൂന്നുപേരും ഒന്നിനൊന്ന് മികച്ച സ്ഥാനാര്‍ത്ഥികള്‍. ആളും തരവും നോക്കി വോട്ടിടുന്ന കഴക്കൂട്ടത്തുകാര്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത് വ്യക്തമായ കണക്കുകൂട്ടലുമായിട്ടാകുമെന്ന് നിസ്സംശയം പറയാം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Writer - ആർ.ബി. സനൂപ്

contributor

Editor - ആർ.ബി. സനൂപ്

contributor

Similar News