ശങ്കർ, എന്നെ ഒഴിവാക്കരുതേ... നെഹ്‌റുവിനെ ഓർത്ത്, ബിജെപിയെ കടന്നാക്രമിച്ച് പ്രിയങ്ക
"തമാശ പറയുന്നവരെ പോലും ബിജെപി-ആർഎസ്എസ് സർക്കാർ അറസ്റ്റു ചെയ്യുകയാണ്"
ജവഹർലാൽ നെഹ്‌റുവിനെയും കാർട്ടൂണിസ്റ്റ് ശങ്കറിനെയും ഓർത്തെടുത്ത്, ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇത് ശങ്കറിന്റെ ജന്മനാടാണ് എന്നും നെഹ്‌റു അദ്ദേഹത്തോട് ഡോണ്ട് സ്‌പെയർ മി ശങ്കർ (എന്നെ കാർട്ടൂണിൽ നിന്ന് ഒഴിവാക്കരുതേ) എന്ന് പറഞ്ഞിരുന്നതായും പ്രിയങ്ക പറഞ്ഞു. ഇത്തരത്തിൽ ഒരു തമാശ പോലും ആസ്വദിക്കാൻ കഴിയാത്തവരാണ് ബിജെപിക്കാർ എന്നും അവർ കുറ്റപ്പെടുത്തി.
' തമാശ പറയുന്നവരെ പോലും ബിജെപി-ആർഎസ്എസ് സർക്കാർ അറസ്റ്റു ചെയ്യുകയാണ്. അവർക്ക് വിയോജിപ്പുകൾ ഇഷ്ടമല്ല. വാഗ്വാദത്തെയും ഉൾക്കൊള്ളാനാകില്ല. എന്നാൽ കോൺഗ്രസ് നിങ്ങളുടെ അവകാശത്തിനു വേണ്ടി നില കൊള്ളുന്നു. നിങ്ങളുടെ ചോദ്യങ്ങള്‍ കോൺഗ്രസ് ആഗ്രഹിക്കുന്നു. ഏതെങ്കിലും തത്വശാസ്ത്രത്തെ ഞങ്ങൾ അടിച്ചേൽപ്പിക്കില്ല. ഫെഡറലിസത്തെയും സംസ്‌കാരങ്ങളെയും ആദരിക്കുന്നു' - അവർ പറഞ്ഞു.
സത്യസന്ധതയും സംവേദനക്ഷമതയും തീരെയില്ലാത്ത സർക്കാറാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
'കേരളത്തിന് എന്താണ് വേണ്ടത് എന്ന് നിങ്ങൾക്ക് നന്നായി അറിയാം. സത്യസന്ധതയുണ്ടാകണം, ഐശ്വര്യമുണ്ടാകണം, സംവേദനക്ഷമതയുണ്ടാകണം. എൽഡിഎഫിന് ഈ മൂന്നു ഗുണങ്ങളിൽ ഏതെങ്കിലുമുണ്ടോ? ഇല്ല എന്ന് വ്യക്തമാണ്' - അവർ ചൂണ്ടിക്കാട്ടി.