രാഷ്ട്രീയ മര്യാദ ഇല്ലാത്തവര്‍ക്ക് ജനം മറുപടി നല്‍കും; ജോയ്സ് ജോര്‍ജ് വിവാദം ആയുധമാക്കി യു.ഡി.എഫ്
ജോയ്സ് ജോർജിന് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്ന എൽ.ഡി.എഫ്, ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചെന്നാണ് അവകാശപ്പെടുന്നത്
രാഹുൽഗാന്ധിക്കെതിരായ ജോയ്സ് ജോർജിന്റെ വിവാദ പ്രസംഗം ഉടുമ്പൻചോലയിലെ പ്രധാന പ്രചാരണ ആയുധമാക്കുകയാണ് യു.ഡി.എഫ്. രാഷ്ട്രീയ മര്യാദ കാണിക്കാത്ത എൽ.ഡി.എഫിന് ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഇ.എം അഗസ്തി പറഞ്ഞു. എന്നാൽ വിഷയം അടഞ്ഞ അധ്യായമാണെന്നാണ് ഇടത് പക്ഷത്തിന്റെ വാദം.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വീണുകിട്ടിയ ആയുധം പരമാവധി ഉപയോഗപ്പെടുത്തുകയാണ് യു.ഡി.എഫ്. ഇതുവരെ സർക്കാരിനെതിരായ വിവാദങ്ങൾ ഉയർത്തിക്കാട്ടി വോട്ട് അഭ്യർഥിച്ചിരുന്ന യു.ഡി.എഫ് ഇപ്പോൾ മുൻ എം.പി ജോയ്സ് ജോർജിന്റെ പ്രസംഗമാണ് മുഖ്യ വിഷയമാക്കിയിരിക്കുന്നത്.
ഖേദം പ്രകടിപ്പിച്ചതുകൊണ്ട് മാത്രം പരിഹാരമാകില്ലെന്നും, മണ്ഡലത്തിലെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും യു.ഡി.എഫ് സ്ഥാനാർഥി ഇ.എം അഗസ്തി പറഞ്ഞു.
ജോയ്സ് ജോർജിന് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്ന എൽ.ഡി.എഫ് നേതൃത്വം, ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചെന്നാണ് അവകാശപ്പെടുന്നത്. വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ ശിവരാമൻ പറഞ്ഞു.
യു.ഡി.എഫ് പ്രചാരണ വേദികളിലെല്ലാം ജോയ്സ് ജോർജിന്റെ പ്രസംഗം ചർച്ചാവിഷയമാകുമ്പോൾ, വിവാദ പ്രസംഗത്തെക്കുറിച്ച് പരാമർശിക്കാതെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി എം.എം മണിയുടെ പ്രചാരണം.