'മുസ്‌ലിം ലീഗ് യുഡിഎഫ് വിട്ടുവരുമെന്ന് തോന്നുന്നില്ല, അവരാണല്ലോ ഇപ്പോൾ ചാമ്പ്യന്മാർ': പിണറായി

"ലീഗ് അണികൾ, ലീഗിനോട് ഒപ്പം നിൽക്കുന്നവര്, അങ്ങനെയുള്ള പലരും ഇപ്പോൾ അതേ വികാരത്തിലല്ല എന്ന് തിരിച്ചറിഞ്ഞാൽ നല്ലത്"

Update: 2021-04-03 04:52 GMT
Advertising

തിരുവനന്തപുരം: മുസ്‌ലിം ലീഗ് യുഡിഎഫ് വിട്ടു വരുമെന്ന് തോന്നുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിനെ ജയിപ്പിക്കാനായി ഇപ്പോൾ പ്രധാന ചാമ്പ്യനായി നടക്കുന്നത് ലീഗല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരള കോൺഗ്രസിനെ പോലെ മുസ്‌ലിംലീഗും യുഡിഎഫിൽ നിന്ന് പുറത്തേക്ക് ചാടാനുള്ള സാധ്യതകൾ ഉണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

'എനിക്കങ്ങനെ തോന്നുന്നില്ല. കാരണം, ഇപ്പോൾ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗാണല്ലോ ഇതിന്റെ പ്രധാന ചാമ്പ്യനായി നടക്കുന്നത്. അത് ഞങ്ങൾ യുഡിഎഫിനെ വിജയിപ്പിക്കുമെന്ന വാശിയിൽ പലയിടത്തും നീങ്ങിക്കൊണ്ടിരിക്കുന്നത് അവരാണല്ലോ. എന്നാൽ ലീഗ് അണികൾ, ലീഗിനോട് ഒപ്പം നിൽക്കുന്നവര്, അങ്ങനെയുള്ള പലരും ഇപ്പോൾ അതേ വികാരത്തിലല്ല എന്ന് തിരിച്ചറിഞ്ഞാൽ നല്ലത്' - എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

ക്യാപ്റ്റൻ വിളി മുഖ്യമന്ത്രി അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന്, 'അതുമെടുത്ത് വല്ലാതെ നടന്നിട്ടൊന്നും വലിയ കാര്യമില്ലാന്ന്, അതൊന്നും എടുത്തിട്ട് എവിടെയും ഏശാൻ പോകുന്ന കാര്യമല്ല. അത് ആളുകൾ പലതും വിളിക്കും. അവർക്ക് താത്പര്യം വരുമ്പോൾ പലേ കാര്യങ്ങളും വിളിച്ചൂന്ന് വരും. അതൊന്നുമെടുത്തിട്ട് ഒരാശയക്കുഴപ്പവുമുണ്ടാക്കാൻ കഴിയില്ല. അതങ്ങനെ ആലോചിച്ചാൽ മതി' - എന്നായിരുന്നു പിണറായിയുടെ മറുപടി.

കെഎസ്ഇബി കരാറുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ ആരോപണങ്ങൾ പച്ചനുണയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങിയത് പൊതുമേഖലയിൽ നിന്നാണ്. കെഎസ്ഇബി കരാർ ഒപ്പുവച്ചത് സോളാർ എനർജി കോർപറേഷനുമായാണ്. അദാനിയുമായി കെഎസ്ഇബി ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. തെളിവുണ്ടെങ്കിൽ ചെന്നിത്തല പുറത്തുവിടട്ടെയെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News