ഇരുചക്രവാഹനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം; കർശന നടപടിയെന്ന് ഡിജിപി
സംസ്ഥാനമാകെ സുരക്ഷക്ക് 59,292 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്നും ഡിജിപി പറഞ്ഞു
Update: 2021-04-03 09:33 GMT
ഇരുചക്രവാഹനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ കർശന നടപടിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഉൾപ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്തും. പൊലീസിന്റെ ഒരുക്കങ്ങൾ പൂർത്തിയായെന്നും സംസ്ഥാനമാകെ സുരക്ഷക്ക് 59,292 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസിനെ വിന്യസിക്കും. പോളിംഗ് ബൂത്തുകൾ സ്ഥിതിചെയ്യുന്ന 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ്പ് പട്രോൾ ടീമുകളെ നിയോഗിച്ചു. നക്‌സൽ ബാധിത പ്രദേശങ്ങളിൽ 24 മണിക്കൂറും സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും തണ്ടർബോൾട്ടുമുണ്ടായിരിക്കും. തെരഞ്ഞെടുപ്പിൽ 140 കമ്പനി കേന്ദ്ര സേനയെയാണ് സുരക്ഷക്ക് വിന്യസിച്ചിരിക്കുന്നതെന്നും ലോക് നാഥ് ബെഹ്‌റ പറഞ്ഞു.