'പ്രാരാബ്ധം വോട്ടാക്കാനുള്ള ശ്രമത്തെയാണ് വിമര്‍ശിച്ചത്'; അരിതക്കെതിരായ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് ആരിഫ്
'തൊട്ടടുത്ത ഹരിപ്പാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലോട്ടറി വിറ്റ് ഉപജീവനം നടത്തിയ ആളാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ സജിലാലിന് വോട്ട് ചെയ്യാന്‍ യുഡിഎഫ് പറയുമോ?'
കായംകുളം യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെതിരായ പരാമർശം പിൻവലിക്കില്ലെന്ന് എ എം ആരിഫ് എംപി മീഡിയവണിനോട്. പ്രാരാബ്ധം വോട്ടാക്കാനുള്ള ശ്രമത്തെയാണ് വിമർശിച്ചതെന്ന് എം എം ആരിഫ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥി പാല്‍ വിറ്റ് ഉപജീവനം നടത്തുന്ന ആളാണ്. അത് ഒരു മാനദണ്ഡമായി സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെടണമെന്ന് യുഡിഎഫ് പ്രചരിപ്പിക്കുന്നത് ശരിയാണോ എന്നാണ് എന്‍റെ ചോദ്യം. അങ്ങനെയെങ്കില്‍ തൊട്ടടുത്ത ഹരിപ്പാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലോട്ടറി വിറ്റ് ഉപജീവനം നടത്തിയ ആളാണ്, ചായക്കടയില്‍ ചായ അടിച്ചുകൊടുത്ത ആളാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ സഖാവ് സജിലാലിന് വോട്ട് ചെയ്യാന്‍ യുഡിഎഫ് പറയുമോ?
പ്രാരാബ്ധവും ബുദ്ധിമുട്ടും പറഞ്ഞ് വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന രീതിയെയാണ് താന്‍ വിമര്‍ശിച്ചത്. അല്ലാതെ തൊഴിലാളികളെയല്ല. ഇല്ലാത്ത വ്യാഖ്യാനം എന്തിനാണ് കൊടുക്കുന്നതെന്നാണ് ആരിഫിന്‍റെ ചോദ്യം. കായംകുളം എംഎല്‍എ പ്രതിഭയുടെ പ്രവര്‍ത്തനം വിലയിരുത്തണം. അതില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം. വിമര്‍ശിക്കണം. അല്ലാതെ പ്രതിഭക്കെതിരെ മത്സരിക്കുന്നത് ഒരു ക്ഷീരകര്‍ഷകയായതുകൊണ്ട് അതാണ് അര്‍ഹതയുടെ മാനദണ്ഡം എന്ന് അവതരിപ്പിക്കുന്നതിനെയാണ് വിമര്‍ശിച്ചതെന്നും ആരിഫ് വിശദീകരിച്ചു.
പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ പറയണമെന്ന് ആരിഫ് പറഞ്ഞതാണ് വിവാദമായത്. ആരിഫ് എംപിയുടെ പരിഹാസം വിഷമമുണ്ടാക്കിയെന്ന് അരിത ബാബു പ്രതികരിച്ചു. തൊഴിലാളി വർഗത്തെയാണ് ആരിഫ് അപമാനിച്ചത്. ആരിഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അരിത ബാബു പറഞ്ഞു.
ഒരു ജനപ്രതിനിധിയായ അദ്ദേഹത്തിന്‍റെ നാവില്‍ നിന്ന് ഇങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കേണ്ടിവന്നത് സങ്കടമുണ്ടാക്കി. എന്നെ മാത്രം പറഞ്ഞതായിരുന്നെങ്കില്‍ സങ്കടമില്ലായിരുന്നു. അധ്വാനിക്കുന്ന മുഴുവന്‍ തൊഴിലാളി വര്‍ഗത്തെ കൂടിയാണ് അദ്ദേഹം അവഹേളിച്ചത്. രാഷ്ട്രീയം ഒരു സേവനമായി കരുതി എന്‍റെ അധ്വാനത്തിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. അതില്‍ എനിക്ക് അഭിമാനമുണ്ട്. ഓരോ വീട്ടിലെ സാഹചര്യം കൊണ്ടാണ് ഓരോ തൊഴില്‍ ചെയ്യുന്നത്. കഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ക്കേ പ്രയാസം അറിയൂ.