''ജീവന്‍ കളയാനല്ല ഞാന്‍ അമേരിക്കയില്‍ നിന്ന് വന്നത്'': ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസ്

തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തില്ലെന്നും താനാണ് പൊലീസിനെ വിളിച്ചതെന്നും ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസ്

Update: 2021-04-06 04:08 GMT
Advertising

തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തില്ലെന്നും താനാണ് പൊലീസിനെ വിളിച്ചതെന്നും ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസ്. തന്നെ അപായപ്പെടുത്താനായിരുന്നു ശ്രമമുണ്ടായത്. അതിന് ശ്രമിച്ചത് ആരാണെന്ന് അറിയില്ല. വെളുപ്പിന് അഞ്ചിനും അഞ്ചരയ്ക്കും ഇടയിലാണ് സംഭവം. താനാണ് പൊലീസിനെ വിളിച്ചത്. ഇപ്പോള്‍ സ്റ്റേറ്റ്മെന്‍റ് എടുക്കാനാണ് പൊലീസ് സ്റ്റേഷനിലേക്ക് വന്നത്. മന്ത്രി മേഴ്‍സിക്കുട്ടിയമ്മ ഇനിയെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ അവസാനിപ്പിക്കുക എന്നാണ് പറയാനുള്ളതെന്നും ഷിജു വര്‍ഗീസ് പറഞ്ഞു.

രാവിലെ ബൂത്തില് വോട്ടിംഗ് മെഷീനിന്‍റെ ഇന്‍സ്പെക്ഷനുണ്ട്. അതിന് വേണ്ടി ബൂത്തിലേക്ക് പോകും വഴിയാണ് തനിക്ക് നേരെ അക്രമമുണ്ടായത്. കുണ്ടറയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഞാന്‍ ശ്രമിച്ചുവെന്നാണ് മന്ത്രിയുടെ ആരോപണം, ഞാനെന്തിന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കണം. ജീവന്‍ കളയാനല്ല ഞാന്‍ അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് വന്നത്. ഭീഷണിയുണ്ടെന്ന് നേരത്തേ പരാതി നല്‍കിയിരുന്നു. തന്നെ പ്രചാരണത്തിന് ഇറങ്ങാന്‍ പോലും സമ്മതിച്ചില്ലെന്നും ഷിജു വര്‍ഗീസ് പറഞ്ഞു.

ഷിജു വർഗീസിനെ കസ്റ്റഡിയിലെടുത്തെന്ന മന്ത്രിയുടെ വാദം പൊലീസും തള്ളി. ഷിജു വർഗീസിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും ബോംബാക്രമണം ഉണ്ടായി എന്ന പരാതിയുമായി ഷിജു പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഷിജുവിന്‍റെ വാഹനത്തിൽ നിന്ന് ഇന്ധനം പിടിച്ചിട്ടില്ലെന്നും കണ്ണനല്ലൂർ പൊലീസ് കൂട്ടിച്ചേര്‍ത്തു. ഷിജുവിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്.

കുണ്ടറയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഷിജു വര്‍ഗീസ് രാവിലെ ആക്രമിക്കപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും പോലീസ് ഇടപെട്ട് ഇത് തടഞ്ഞുവെന്നുമായിരുന്നു മേഴ്സിക്കുട്ടിയമ്മ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.

ഷിജു വര്‍ഗീസ് പെട്രോള്‍ കൊണ്ടുവന്ന് സ്വയം ഒഴിച്ചുകത്തിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്‍റെ കാറില്‍ നിന്ന് പെട്രോള്‍ നിറച്ച കുപ്പി കണ്ടെടുത്തെന്നും ഇയാള്‍ പോലീസ് കസ്റ്റഡിയിലായെന്നുമാണ് മന്ത്രി പറഞ്ഞത്. സ്വയം പെട്രോൾ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചു, തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു ഷിജു വര്‍ഗീസ് നടത്തിയത്. തനിക്ക് നേരേ അക്രമം എന്ന് വരുത്താനുള്ള ശ്രമമായിരുന്നു ഷിജുവര്‍ഗ്ഗീസിന്‍റേതെന്നും പോലീസ് തടഞ്ഞതിനാലാണ് പദ്ധതി പരാജയപ്പെട്ടെതെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. ഷിജു വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ ഷിജു വര്‍ഗീസ് രംഗത്തെത്തിയത്.

Tags:    

Similar News