മഞ്ചേശ്വരത്ത് സിപിഎം വോട്ട് ചോര്‍ന്നു, രാഹുലും പ്രിയങ്കയും എത്താതിരുന്നതില്‍ വേദനയുണ്ട്: കമറുദ്ദീന്‍
'ലീഗ് പ്രവര്‍ത്തകര്‍ രാഹുലിനെ അത്രയധികം സ്നേഹിക്കുന്നു. ബിജെപിയുമായി ഫൈറ്റ് ചെയ്യുന്ന മണ്ഡലത്തില്‍ വന്നില്ല എന്നത് വേദനയാണ്'
മഞ്ചേശ്വരത്ത് സിപിഎമ്മിന്‍റെ വോട്ട് ബിജെപിയിലേക്ക് ചോര്‍ന്നതായി എം സി കമറുദ്ദീന്‍ എംഎല്‍എ. വോട്ട് ചോര്‍ത്തിയത് നേതൃത്വത്തിന്റെ അറിവോടെയാണോ എന്നത് സിപിഎം വ്യക്തമാക്കണം. മുസ്‍ലിം വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ മാത്രമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം. വോട്ടെടുപ്പ് ദിവസം സിപിഎം കേന്ദ്രങ്ങള്‍ സജീവമായിരുന്നില്ല. സിപിഎം ഒരു തെരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത് യുഡിഎഫിന് വോട്ട് ചെയ്തിട്ടില്ലെന്നും കമറുദ്ദീന്‍ പറഞ്ഞു.
ബിജെപിയുമായി നേരിട്ട് മത്സരിക്കുന്ന മഞ്ചേശ്വരത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്താത്തത് പ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തുമെന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രതീക്ഷയെന്നും എം സി കമറുദ്ദീന്‍ മീഡിയവണിനോട് പറഞ്ഞു.
രാഹുലോ പ്രിയങ്കയോ വരണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആഗ്രഹം. ഒരു ഘട്ടത്തില്‍ സ്ഥാനാര്‍ഥി അഷ്റഫ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു രാഹുലിനെ മഞ്ചേശ്വരത്തെ ജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ടാക്കുമെന്ന്. ശക്തമായ സമ്മര്‍ദം ലീഗ്, കോണ്‍ഗ്രസ് നേതാക്കളിലൂടെ ചെലുത്തിയിരുന്നു. പക്ഷേ ഖേദകരമെന്ന് പറയട്ടെ നമ്പര്‍ ഒന്ന് എന്ന നിലയില്‍ അറിയപ്പെടുന്ന മണ്ഡലത്തില്‍, അതും ബിജെപിയുമായി ഫൈറ്റ് ചെയ്യുന്ന മണ്ഡലത്തില്‍ വന്നില്ല എന്നുള്ളത് ഞങ്ങളുടെ മനസ്സിന്‍റെ അകത്തുള്ള വേദന തന്നെയാണ്. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടെയും മനസ്സിന്‍റെ ഉള്ളറകളിലുള്ള വികാരമാണത്. ലീഗ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ അത്രയധികം സ്നേഹിക്കുന്നുണ്ട്.
എല്ലാത്തിനെയും അതിജീവിച്ച് മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും കമറുദ്ദീന്‍ അവകാശപ്പെട്ടു.