റോഡപകടങ്ങൾ കുറയ്ക്കാൻ കർശന നടപടി വേണമെന്ന് ഹൈക്കോടതി
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണം. ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണമെന്നും നിർദേശം
റോഡപകടങ്ങൾ കുറക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ. സർക്കാറുകളും റോഡ് സുരക്ഷാ അതോറിട്ടിയും ഇതിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. റോഡ് വികസനത്തിന് വിട്ടു നൽകാമെന്നേറ്റ ഭൂമി നാലുമാസത്തിനകം ഏറ്റെടുക്കണം. സുരക്ഷിതമായ റോഡുകൾ പൗരന്‍റെ ഭരണഘടനാപരമായ അവകാശമാണ്. കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണമെന്നും റോഡുകൾ ഇടയ്ക്കിടെ വെട്ടിപ്പൊളിക്കുന്നത് തടയാൻ പണികൾ ഒരുമിച്ചു ചെയ്യാൻ സംവിധാനമുണ്ടാക്കണമെന്നും കോടതി പറഞ്ഞു.
അപകടകരമായ തൂണുകളും ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങളും മാലിന്യങ്ങളും മൂന്നു മാസത്തിനകം നീക്കണമെന്നും കോടതി. റോഡുകളിലേക്ക് തള്ളി നിൽക്കുന്ന മരക്കൊമ്പുകളും നീക്കണം. റോഡുകൾ ഇടയ്ക്കിടെ വെട്ടിപ്പൊളിക്കുന്നത് തടയാൻ പണികൾ ഒരുമിച്ചു ചെയ്യാൻ സംവിധാനമുണ്ടാക്കണം. ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേണ് ഉത്തരവ്. റോഡ് സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും ഇതിനായി സർക്കാർ പിരിച്ചെടുത്ത ഫണ്ട് അതോറിട്ടിക്ക് കൈമാറണമെന്നുമാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി. ജെ. കോടങ്കണ്ടത്ത് ഉൾപ്പെടെ നൽകിയ പൊതുതാൽപര്യ ഹർജികളിലാണ് ഉത്തരവ്.