'നവീനും ജാനകിയും നൃത്തം തുടരൂ..' വൈറല്‍ ഡാന്‍സേഴ്സിന് പിന്തുണയുമായി മില്‍മയും
ഫേസ്ബുക് പേജിലാണ് ഇരുവരുടെയും കാരിക്കേച്ചർ പങ്കുവെച്ചുകൊണ്ട് മിൽമ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
മുപ്പത് സെക്കന്‍ഡ് വീഡിയോയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നവീനും ജാനകിക്കും പിന്തുണയുമായി മില്‍മയും. ഫേസ്ബുക് പേജിലാണ് ഇരുവരുടെയും കാരിക്കേച്ചർ പങ്കുവെച്ചുകൊണ്ട് മിൽമ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇരുവരോടും ഡാൻസ് തുടരൂവെന്നും മിൽമ പറയുന്നുണ്ട്.
തൃശൂർ മെഡിക്കൽ കോളജ് വരാന്തയിലായിരുന്നു നവീന്‍ റസാഖിന്‍റെയും ജാനകി ഓംകുമാറിന്‍റെയും 30 സെക്കൻഡ് മാത്രം ദൈർഘ്യം വരുന്ന വൈറൽ ഡാന്‍സ്. റാ റാ റാസ്പുട്ടിൻ... ലവർ ഓഫ് ദ റഷ്യൻ ക്വീൻ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്താണ് ഇവർ ചുവടുവച്ചത്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. ഇരുവരുടേയും നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ജാനകിക്കും നവീനുമെതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നു.
Keep Dancing #ഉള്ളുതണുപ്പിക്കാൻമിൽമ
Posted by Milma on Friday, April 9, 2021
'ഹൃദയങ്ങളിൽ തീ നിറയ്ക്കുമ്പോൾ ഉള്ളു തണുപ്പിക്കാൻ മിൽമ' എന്നാണ് കാരിക്കേച്ചറിനൊപ്പം കുറിച്ചിട്ടുള്ളത്. സംഘ്പരിവാർ പ്രൊഫൈലുകളില്‍ നിന്ന് ഇരുവര്‍ക്കുമെതിരെ 'ലൗ ജിഹാദ്' ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ വിവിധ കോണുകളില്‍ നിന്ന് നവീനും ജാനകിക്കും പിന്തുണ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മില്‍മയും വൈറല്‍ താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. മില്‍മയുടെ തീരുമാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
നേരത്തെ കടലാസുകൊണ്ട് പൂക്കളുണ്ടാക്കാൻ ശ്രമിച്ച വീഡിയോയിലൂടെ വൈറലായ മുഹമ്മദ് ഫായിസിന്‍റെ വാക്കുകള്‍ പരസ്യത്തിനുപയോഗിച്ചും മില്‍മ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. പിന്നീട് സംഭവം വിവാദമായതോടെ മുഹമ്മദ് ഫായിസിന് പാരിതോഷികങ്ങളുമായി മിൽമ എത്തുകയായിരുന്നു. മുഹമ്മദ് ഫായിസിന്‍റെ വാക്കുകള്‍ മിൽമ സ്വന്തം ലാഭത്തിനായി പരസ്യത്തിന് ഉപയോഗിച്ചുവെന്നായിരുന്നു വിമര്‍ശനം.
പൂക്കളുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും ആത്മവിശ്വാസത്തോടെ ആ സാഹചര്യത്തെ നേരിട്ട ആ നാലാം ക്ലാസുകാരന് പതിനായിരം രൂപയും ടെലിവിഷനും മിൽമ ഉത്പ്പന്നങ്ങളും സമ്മാനമായി നല്‍കിയാണ് അധികൃതര്‍ അന്ന് പ്രശ്നം പരിഹരിച്ചത്