മഅ്ദനിയുടെ ജാമ്യഹരജി പരിഗണിക്കുന്ന ബെഞ്ചിലെ ജഡ്ജി പിന്മാറി
ജസ്റ്റിസ് വി . രാമസുബ്രഹ്മണ്യനാണ് പിന്മാറിയത്.
പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസിര്‍ മഅ്ദനിയുടെ ജാമ്യഹരജി പരിഗണിക്കുന്ന ബെഞ്ചിലെ ജഡ്ജി പിന്മാറി. ജസ്റ്റിസ് വി . രാമസുബ്രഹ്മണ്യനാണ് പിന്മാറിയത്. മഅ്ദനി പ്രതി ചേര്‍ക്കപ്പെട്ട കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ വാദം കേട്ട സാഹചര്യത്തിലാണ് ജഡ്ജിയുടെ പിന്മാറ്റം. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും.
ബംഗളുരു സ്‌ഫോടന കേസില്‍ ബംഗളുരുവില്‍ തന്നെ ജാമ്യത്തില്‍ കഴിയുകയാണ് മഅ്ദനി. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നും ബംഗളുരുവിലെ ചികിത്സാ ചെലവ് താങ്ങാവുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേരളത്തിലേക്കു പോകാനുള്ള അനുമതി തേടി മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്. ബംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യങ്ങള്‍.
എന്നാല്‍ മഅ്ദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചാല്‍ മഅ്ദനി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും ഭീകരസംഘടനകളുമായി ചേര്‍ന്ന് ഇതിനായുള്ള നീക്കം നടത്തുമെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചു.