ആഴക്കടലിൽ ലഹരി വേട്ട: കൊച്ചിയിൽ പിടികൂടിയത് 2525 കിലോ ലഹരി
ഒരു ദിവസം സമയമെടുത്താണ് പിടികൂടിയ ലഹരി മരുന്നിന്റെ കണക്കെടുപ്പ് പൂർത്തിയാക്കാനായത്
കൊച്ചി: കൊച്ചിയിൽ ആഴക്കടലിൽ ഇന്നലെ പിടികൂടിയത് 25000 കോടി രൂപ വില വരുന്ന മെത്താംഫെറ്റമിനെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ. 2525കിലോ മെത്താംഫെറ്റമിനാണ് പിടികൂടിയത്. ഒരു ദിവസം സമയമെടുത്തായിരുന്നു പിടികൂടിയ ലഹരിമരുന്നിന്റെ കണക്കെടുപ്പ്.
15000ത്തോളം രൂപ വിലവരുന്ന ലഹരി പിടികൂടിയെന്നായിരുന്നു ഇന്നലെ ആദ്യ ഘട്ടത്തിൽ എൻസിബി പറഞ്ഞിരുന്നത്. ഇതിന് ശേഷമായിരുന്നു വിശദമായ കണക്കെടുപ്പ്. നാവികസേനയും എൻസിബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. ലഹരിമരുന്ന് നാളെ കോടതിയിൽ ഹാജരാക്കാനാണ് എൻസിബിയുടെ തീരുമാനം.
ലഹരിയുമായി പിടികൂടിയ പാകിസ്താൻ പൗരനെയും കോടതിയിൽ ഹാജരാക്കും. ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനായിരുന്നു ഉദ്ദേശമെങ്കിലും കണക്കെടുപ്പ് നീണ്ടതിനാൽ വൈകുകയായിരുന്നു. നാളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ എൻസിബി സമർപ്പിക്കും.