പാലക്കാട് കോഴി മാലിന്യ സംസ്കരണ യൂണിറ്റിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് 34 പേർക്ക് പരിക്ക്
അമ്പലപ്പാറ തോട്ടുക്കാട് മലയിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ യൂണിറ്റിൽ തീപിടുത്തമുണ്ടായത്
പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കോഴി മാലിന്യ സംസ്കരണ യൂണിറ്റിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് 34 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ്, അമ്പലപ്പാറ തോട്ടുക്കാട് മലയിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ യൂണിറ്റിൽ തീപിടുത്തമുണ്ടായത്. ഫാക്ടറിയിലെ വിറക് പുരക്കാണ് തീ പിടിച്ചത്. തുടർന്ന് ഫാക്ടറിയിലെ ജീവനക്കാരും, നാട്ടുകാരും, മണ്ണാർക്കാട് അഗ്നിശമന സേനയും ചേർന്ന് തീയണക്കാൻ ശ്രമിച്ചു. ഇതിനിടെ വിറകുപുരക്ക് സമീപത്തുണ്ടായിരുന്ന ഓയിൽ ടാങ്കിൽ തീ പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തിൽ 34 പേർക്ക് പൊള്ളലേറ്റു. 6 അഗ്നിശമനസേന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ളവർക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ അഞ്ചു പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ മണ്ണാർക്കാട്ടെയും പെരിന്തൽമണ്ണയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഫാക്ടറിയിൽ ട്രയൽ റൺ നടത്തുമ്പോൾ, ടാങ്കിൽ നിന്നും ഓയിൽ ചേർന്നതാണ് തീ ടാങ്കിലേക്ക് പടരാൻ കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. അപകടം ഉണ്ടായ സ്ഥലം ഇന്ന് ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചേക്കും.