തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം; മുൻകരുതലുമായി ജില്ലാ ഭരണകൂടം
ജില്ലയില്‍ ഇന്നലെ 3,727 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് കലക്ടര്‍ അറിയിച്ചു
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയില്‍ ഇന്നലെ 3,727 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ 31,179 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 23 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളും മുന്നൊരുക്കങ്ങളുമാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രാൻസിറ്റ് വാർഡിൽ ഇന്നു മുതൽ പുതിയ സെമി ഐ.സി.യു. വാർഡ് സജ്ജമാക്കും. ഇതിനു പുറമേ ആശുപത്രിയിലെ രണ്ടു ട്രോമ വാർഡിലും ഉടൻ സെമി ഐ.സി.യു. വാർഡുകൾ ആരംഭിക്കും. ജനറൽ ആശുപത്രിയിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. പ്രധാന സർജിക്കൽ ബ്ലോക്കിൽ കോവിഡ് രോഗികൾക്ക് പുതുതായി 32 ഓക്സിജൻ കിടക്കകളും 24 ഐ.സി.യു കിടക്കകളും 68 സാധാരണ കിടക്കകളും ഉടൻ സജ്ജമാക്കും.
സാധാരണ കിടക്കകളിൽ ആവശ്യമെങ്കിൽ ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ചും ചികിത്സ ലഭ്യമാക്കും. കോവിഡ് ഇതര രോഗികൾക്കുള്ള ഒ.പി ഇനി ജനറൽ ആശുപത്രിയിൽ ഉണ്ടാകില്ല. ജനറൽ ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം കാര്യക്ഷമമാക്കുന്നതിനും ഓക്സിജൻ ലഭ്യത കൃത്യമായി നിരീക്ഷിക്കുന്നതിനും പ്രത്യേക ഓഡിറ്റ് കമ്മിറ്റിയെയും നിയോഗിച്ചു.അതേ സമയം ജില്ലയിൽ ഇന്ന് 118 സർക്കാർ ആശുപത്രികളിൽ വാക്‌സിനേഷൻ ഉണ്ടാകും.