പിഎസ്‌സി അംഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റു; ഐഎൻഎൽ നേതൃത്വത്തിനെതിരെ ആരോപണവുമായി സംസ്ഥാന നേതാവ്

ആരോപണം ഉന്നയിച്ചയാൾക്ക് ഐഎൻഎല്ലിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രതികരിച്ചു

Update: 2021-07-04 11:39 GMT
Editor : Shaheer | By : Web Desk
Advertising

പാർട്ടിക്ക് ലഭിച്ച പിഎസ്‌സി അംഗത്വം 40 ലക്ഷം രൂപയ്ക്ക് കച്ചവടം ചെയ്‌തെന്ന ആരോപണവുമായി ഐഎൻഎൽ സംസ്ഥാന നേതാവ്. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ആണ് ഐഎൻഎൽ നേതൃത്വത്തിനെതിരെ കോഴ ആരോപണവുമായി രംഗത്തെത്തിയത്. പാർട്ടിക്ക് വരുമാനമുണ്ടാക്കുന്ന തസ്തികയായി ഇതിനെ മാറ്റാൻ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും സംഘവും തീരുമാനിച്ചതായും ഇസി മുഹമ്മദ് പറഞ്ഞു. എന്നാൽ, പിഎസ്‌സി കോഴ ആരോപണം ഉന്നയിച്ചയാൾക്ക് ഐഎൻഎല്ലിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് കാസിം ഇരിക്കൂർ പ്രതികരിച്ചു.

പാർട്ടിയിൽ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് പുതിയ കോഴ ആരോപണം പുറത്തുവരുന്നത്. അബ്ദുൽ സമദിനെ പിഎസ്‌സി അംഗമാക്കാൻ നോമിനേറ്റ് ചെയ്തത് കോഴ വാങ്ങിയാണെന്നാണ് ആരോപണം. ഐഎൻഎൽ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കോഴ വാങ്ങാൻ തീരുമാനമെടുത്തതെന്ന് ഇസി മുഹമ്മദ് ആരോപിച്ചു. താനടക്കം മൂന്നുപേർ മാത്രമാണ് സെക്രട്ടേറിയറ്റിൽ തീരുമാനത്തെ എതിർത്തത്. ആദ്യ ഗഡുവായി 20 ലക്ഷം വാങ്ങി. ശേഷമുള്ള 20 ലക്ഷം ശമ്പളം കിട്ടുന്ന മുറയ്ക്ക് വാങ്ങാൻ ധാരണയാകുകയും ചെയ്തു. കോഴ വാങ്ങുന്നത് കേസാകാതിരിക്കാൻ മിനുട്സിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാരന്തൂർ മർക്കസ് ഐടിഐയിൽ ചേർന്ന ഒരു ദിവസം നീണ്ടുനിന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തസ്തികയ്ക്ക് കോഴ വാങ്ങാനുള്ള തീരുമാനമെടുത്തത്. തുടർന്നുള്ള എല്ലാ നിയമനങ്ങളിലും ഈ പതിവ് ആവർത്തിക്കാനും ഐഎൻഎൽ സെക്രട്ടേറിയറ്റിൽ തീരുമാനമായതായി ഇസി മുഹമ്മദ് ആരോപിച്ചു.

എന്നാൽ, പിഎസ്‌സി കോഴ ആരോപണം ഉന്നയിച്ചയാൾക്ക് ഐഎൻഎല്ലിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് കാസി ഇരിക്കൂർ പ്രതികരിച്ചു. രണ്ടുവർഷം മുൻപ് പാർട്ടിയിലേക്ക് കടന്നുവന്നയാളണ് ഇത്തരമൊരു ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുന്‍പ് പ്രവർത്തിച്ച പാർട്ടിയുടെ പാരമ്പര്യമായിരിക്കും പറഞ്ഞത്. അദ്ദേഹത്തിന് ഐഎൻഎല്ലിനെക്കുറിച്ച് ഒന്നും മനസിലായിട്ടില്ല. മുഹമ്മദിനെപ്പോലെയുള്ളവര്‍ക്ക് പറ്റിയ പാർട്ടിയല്ല ഐഎൻഎൽ. അദ്ദേഹത്തെ പാർട്ടിയിൽ ഒരുനിലയ്ക്കും വച്ചുപൊറുപ്പിക്കില്ല. വിദ്യാർത്ഥി വിഭാഗം മുൻ സംസ്ഥാന പ്രസിഡന്റിനെയാണ് പാര്‍ട്ടി പിഎസ്‌സി അംഗമാക്കിയത്. ആരോപണത്തിൽ ഇസി മുഹമ്മദിനെതിരെ പാര്‍ട്ടിയിലും നിയമപരമായും നടപടി സ്വീകരിക്കുമെന്നും കാസിം ഇരിക്കൂര്‍ വ്യക്തമാക്കി.

ഐഎൻഎല്ലിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വിഭാഗീയത പുകയുകയാണ്. പിടിഎ റഹീം വിഭാഗം നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിടാനുള്ള നീക്കത്തിലാണ്. നേരത്തെ ഐഎന്‍എല്ലില്‍ ലയിച്ച നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്(എന്‍എസ്‍സി) വിഭാഗമാണ് ഇപ്പോള്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ഈ വിഭാഗത്തിന്റെ നേതാവ് കൂടിയാണ് ഇസി മുഹമ്മദ്. ഇവർ അടുത്തയാഴ്ച കൊടുവള്ളിയിൽ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News