മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തിന് 43.14 ലക്ഷം രൂപ ചെലവ്
ഒക്ടോബർ എട്ടുമുതൽ 12 വരെയാണ് മുഖ്യമന്ത്രിയും സംഘവും ലണ്ടൻ സന്ദർശിച്ചത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ലണ്ടൻ സന്ദർശനത്തിന് വിമാനക്കൂലി ഒഴികെ ചെലവായത് 43.14 ലക്ഷം രൂപ. ലണ്ടനിൽ തങ്ങിയ നാല് ദിവസത്തെ ചെലവ് മാത്രമാണ് 43.14 ലക്ഷം രൂപ. ഹോട്ടൽ താമസത്തിന് 18.54 ലക്ഷം രൂപ ചെലവായി. ലണ്ടനിലെ യാത്രകൾക്കായി 22.38 ലക്ഷം രൂപയും ചെലവായി. ലണ്ടനിൽ എത്തിയ ശേഷം കാറൽ മാർക്സ് മ്യൂസിയം ഉൾപ്പെടെ കാണാൻ യാത്ര ചെയ്തതിന്‍റെ ചെലവാണിത്. എയർപോർട്ടിൽ ലോഞ്ചിൽ 2,21,592 രൂപയും ചെലവായി.
ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നും വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയാണിത് . ഇതില്‍ കേരളത്തിൽ നിന്ന് വിദേശത്തേക്കും തിരിച്ചുള്ള യാത്രയുടെ വിമാന ടിക്കറ്റിന്റെ നിരക്കുകളില്ല. ഈ തുക ആദ്യം ഹൈക്കമ്മീഷൻ നിയമപ്രകാരം ചെലവഴിക്കുകയും പിന്നീട് സംസ്ഥാന സർക്കാറിൽ നിന്ന് ഈടാക്കുകയുമാണ് ചെയ്തത്.
ഒക്ടോബർ എട്ടുമുതൽ 12 വരെയാണ് മുഖ്യമന്ത്രിയും സംഘവും ലണ്ടൻ സന്ദർശിച്ചത്. ഒക്ടോബർ നാലുമുതലായിരുന്നു സന്ദർശനം തുടങ്ങിയത്. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ പി.രാജീവ്, വീണ ജോർജ് , വി. ശിവൻ കുട്ടി, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ , ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി, സർക്കാരിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി, സെക്രട്ടറിമാരായ മുഹമ്മദ് ഹനിഷ്, സുമൻ ബില്ല , മുഖ്യമന്ത്രിയുടെ പി.എ. സുനിഷ് എന്നിവരാണ് ലണ്ടൻ യാതയിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.എന്നാൽ ഇവരുടെ ചെലവുകൾ അവർ തന്നെയാണ് വഹിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.
നോർവേ, ബ്രിട്ടൻ, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെയും സംഘങ്ങളുടെയും യൂറോപ് സന്ദര്‍ശനം. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയായിരുന്നു സന്ദർശന ലക്ഷ്യം. ഒക്ടോബർ രണ്ടിനായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യൂറോപ്പ് പര്യടനം നിശ്ചയിച്ചിരുന്നത്. എന്നാൽ കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു.