50 ലക്ഷത്തിന്‍റെ ക്രഷർ തട്ടിപ്പ്; പി.വി അൻവർ എം.എൽ.എക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട്
പ്രവാസി വ്യവസായിയെ ക്രഷർ ബിസിനസ് പാങ്കാളിത്തം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലുള്ളത്
50 ലക്ഷത്തിന്‍റെ ക്രഷർ തട്ടിപ്പ് കേസിൽ പി.വി അൻവർ എം.എൽ.എക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് . പ്രവാസി വ്യവസായിയെ ക്രഷർ ബിസിനസ് പാങ്കാളിത്തം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലുള്ളത് . ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അൻവർ 50 ലക്ഷം തട്ടിയെന്നാണ് പരാതി.
മംഗലാപുരം തണ്ണീരുപന്തയിലെ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി.വി അൻവർ തട്ടിയെടുത്തെന്നാണ് മലപ്പുറം പട്ടർകടവ് സ്വദേശി നടുത്തൊടി സലീമിന്‍റെ പരാതി. പാട്ടത്തിനെടുത്ത ഭൂമിയിൽ പ്രവർത്തിക്കുന്ന ക്രഷർ സ്വന്തം ഭൂമിയിലാണ് പ്രവർത്തിക്കുന്നതെന്ന് ധരിപ്പിക്കുകയും ഈ ബിസിനസിൽ 10 ശതമാനം ഷെയറും പ്രതിമാസം അമ്പതിനായിരം രൂപ ലാഭവിഹിതവും വാഗ്ദാനം ചെയ്‌തെന്നും സലീമിന്‍റെ പരാതിയിൽ പറയുന്നു. ഇതന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘമാണ് സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ പരാതിക്കാരനെ അൻവർ വഞ്ചിച്ചതായി മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്. മംഗലാപുരത്ത് നേരിട്ട് പോയി അന്വേഷണം നടത്തുമെന്നും കൂടുതൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി രേഖകൾ പരിശോധിച്ചു അന്തിമറിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.