ആലപ്പുഴയിൽ അപൂർവ രോഗം ബാധിച്ച പതിനഞ്ചുകാരൻ മരിച്ചു; അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് ബാധിച്ചത് പാണാവള്ളി സ്വദേശിക്ക്

അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്

Update: 2023-07-07 08:39 GMT
Editor : Lissy P | By : Web Desk
Advertising

ആലപ്പുഴ: ആലപ്പുഴയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച കുട്ടി മരിച്ചു. പാണാവള്ളി സ്വദേശിയായ 15 വയസുകാരനാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. പാണാവള്ളിയിലെ തോട്ടിൽ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങളുണ്ടായത്. രോഗ ലക്ഷണങ്ങളെ തുടർന്ന് ജൂണ്‍ 29 നാണ് കുട്ടിയെ തുറവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഒഴുക്കില്ലാത്ത ജലാശയത്തിലാണ് അമീബ കാണുപ്പെടുന്നത്.

രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പതിനായിരത്തില്‍ ഒരാള്‍ക്കാണ് രോഗം ബാധിക്കുക.രോഗബാധ സ്ഥിരീകരിച്ചാല്‍ മരണം ഉറപ്പാണ്.  കുട്ടിയുടെ മരണം ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

'ഇതിന് മുൻപ് സംസ്ഥാനത്ത് അഞ്ച് കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.  98 ശതമാനം മരണ നിരക്ക്. ഒഴുക്കില്ലാത്ത ജലാശയത്തിലാണ് ഈ അമീബ ഉള്ളത്. ബ്രെയിൻ ഈറ്റർ എന്ന പേരിലാണ് അമീബ അറിയപ്പെടുന്നത്. മിക്ക കുളങ്ങളിലും അമീബ ഉണ്ടാകും. 2016 മുതലാണ് കേരളത്തിൽ റിപ്പോർട്ട്‌ ചെയ്തത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരില്ലെന്നും മന്ത്രി പറഞ്ഞു.

2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻകഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

പനി,തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണ മാകുന്നതിനാൽ അത് പൂർണ്ണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News