ഇടിമിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു; തൊട്ടടുത്ത് പെട്രോള്‍ പമ്പ്, ഒഴിവായത് വന്‍ദുരന്തം
കോളനി ബൈപ്പാസ് റോഡിന് സമീപം ബുധനാഴ്ചയാണ് സംഭവം
തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ഇടിമിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു. കോളനി ബൈപ്പാസ് റോഡിന് സമീപം ബുധനാഴ്ചയാണ് സംഭവം.
മിന്നലിന്‍റെ ആഘാതത്തില്‍ തെങ്ങ് നിന്നുകത്തുന്നത് വീഡിയോയില്‍ കാണാം. തെങ്ങിന്‍റെ മണ്ടയില്‍ ഒരു തീഗോളം കത്തിനില്‍ക്കുന്നതായേ തോന്നൂ. തീപടര്‍ന്ന തെങ്ങില്‍ നിന്നും തീപ്പൊരികള്‍ ചിതറുന്നതും വീഡിയോയില്‍ വ്യക്തമാണ്. തീ പിടിച്ച തെങ്ങിന് സമീപം നിരവധി മരങ്ങളും തൊട്ടടുത്ത് പെട്രോള്‍ പമ്പും ഉണ്ടായിരുന്നു. തീ പിടിച്ച വിവരം അറിഞ്ഞ ഉടന്‍ എത്തിയ അഗ്നിശമന സേനാംഗങ്ങളുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. തെങ്ങ് കത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ IMD-GFS മോഡൽ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത. കാസര്‍കോട്, കണ്ണൂർ, വയനാട്, ഇടുക്കി, ജില്ലകളിലെ മലയോര മേഖലയിലും മഴക്ക് കൂടുതല്‍ സാധ്യതയുണ്ട്.