നാല് വർഷ ബിരുദ കോഴ്‌സ് പ്രായോഗിക പരിമിതികൾ പരിഹരിക്കാതെ അടിച്ചേൽപ്പിക്കരുത്: ഫ്രറ്റേണിറ്റി ചർച്ച സംഗമം

യൂണിവേഴ്‌സിറ്റി/കോളേജ് തലത്തിൽ കൃത്യമായ മോണിറ്ററിംഗ് സംവിധാനമില്ലാതെ നാല് വർഷ ബിരുദ കോഴ്‌സ് നടപ്പിലാക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും ഫ്രറ്റേണിറ്റി ചർച്ച സംഗമം അഭിപ്രായപ്പെട്ടു

Update: 2023-07-16 09:38 GMT
Advertising

കൊച്ചി: പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന നാല് വർഷ ബിരുദ കോഴ്‌സുകൾക്ക് നിലവിലെ സാഹചര്യത്തിൽ ഒട്ടനവധി പ്രായോഗിക പരിമിതികളുണ്ടെന്നും അവ പരിഹരിക്കാതെ വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും ഫ്രറ്റേണിറ്റി മൂവ്‌മെൻറ് സംഘടിപ്പിച്ച ചർച്ച സംഗമം അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ കരട് രേഖ അടിസ്ഥാനമാക്കി കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ കോഴ്‌സ് രൂപരേഖയിൽ ഒന്നും രണ്ടും വർഷങ്ങളിലെ എക്‌സിറ്റ് ഒപ്ഷനുകൾ എടുത്ത് കളഞ്ഞ് മൂന്നും നാലും വർഷങ്ങളിലേക്ക് ചുരുക്കിയത് സ്വാഗതാർഹമാണ്. എക്‌സിറ്റ് ഓപ്ഷനുകൾ സ്വാഭാവികമായി ബാധിക്കുക പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ്. അതിനാൽ യൂണിവേഴ്‌സിറ്റി/കോളേജ് തലത്തിൽ കൃത്യമായ മോണിറ്ററിംഗ് സംവിധാനമില്ലാതെ ഇത് നടപ്പിലാക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കും.

പുതിയ കോഴ്‌സിലെ പ്രധാന ഘടകമായ റിസർച്ച് അടിസ്ഥാനപ്പെടുത്തിയുള്ള ബിരുദ പഠനത്തിനാവശ്യമായ അടിസ്ഥാന സംവിധാനങ്ങളും അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലില്ല എന്നതും പ്രശ്‌നകരമാണ്. മാത്രമല്ല, ഒരു കരിക്കുലം എപ്പോഴും പ്രാദേശിക തലത്തിൽ നിന്നുള്ള അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അനുഭവത്തിൽ നിന്ന് കൂടി രൂപപ്പെടേണ്ടതാണ്. കേന്ദ്ര തലത്തിൽ തീരുമാനിച്ചുറപ്പിച്ച് താഴെക്ക് നടപ്പിലാക്കാൻ നൽകുന്ന കരിക്കുലമെന്ന നിലക്ക് നിലവിലെ രൂപരേഖ കേരളത്തിലെ വിദ്യാർത്ഥി-അധ്യാപക സമൂഹത്തിന്റെ വിദ്യാഭ്യാസ അനുഭവത്തെ മാനിക്കാത്തതാണ്.

ഏതൊക്കെ കോഴ്‌സുകളാണ് ഇൻറർ ഡിസിപ്ലിനറിയായി ഒരുമിച്ച് എടുക്കാൻ കഴിയുക എന്ന കൃത്യതയില്ലാത്തതും സയൻസ്-കൊമേഴ്‌സ്-ഹ്യുമാനിറ്റീസ് തുടങ്ങിയ വ്യത്യസ്ത സ്ട്രീമുകളിൽ നിന്നും ബിരുദ തലത്തിലേക്ക് വരുന്ന വിദ്യാർത്ഥികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കും.

നേരത്തെ തന്നെ ഡൽഹി യൂണിവേഴ്‌സിറ്റിയടക്കം നടപ്പിലാക്കുകയും പിന്നീട് അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി നിർത്തലാക്കുകയും ചെയ്ത ഒരു സംവിധാനം ജനകീയാടിസ്ഥാനത്തിലും പ്രാദേശികമായും കൂടുതൽ പഠനം നടത്താതെ ധൃതിപ്പെട്ട് നടപ്പിലാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ചർച്ച സമഗമം ചൂണ്ടിക്കാട്ടി.

സംഗമത്തിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് അധ്യക്ഷത വഹിച്ചു. ഡോ. അനസ്, ഡോ. റീം എസ് , വിജു വി.വി, ലബീബ് കായക്കൊടി എന്നിവർ വിഷയങ്ങളവതരിപ്പിച്ചു. മുഫീദ് കൊച്ചി സ്വാഗതവും അംജദ് എടത്തല നന്ദിയും പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News