മുല്ലപ്പെരിയാറിൽ പുതിയ റൂള്‍കർവ് നിലവില്‍വന്നു
നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞുവരികയാണ്
മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി വിധിയെ തുടർന്ന് പുതിയ റൂള്‍കർവ് നിലവില്‍ വന്നു. ഇന്ന് മുതല്‍ പതിനൊന്ന് ദിവസത്തേക്കാണ് പുതിയ റൂള്‍കർവ് നിലനില്‍ക്കുക.
139.5 അടി വരെ മുല്ലപ്പെരിയാറില്‍ വെള്ളം സംഭരിക്കാമെന്നാണ് ഒക്ടോബർ 28ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നവംബർ 11 വരെ മാത്രമേ ഈ അടിയില്‍ വെള്ളം സംഭരിക്കാനാകൂ. തമിഴ്നാടിന് 11 ദിവസത്തിനുള്ളില്‍ ജലനിരപ്പ് ഉയർത്തിക്കൊണ്ടുവരാമെന്ന് ചുരുക്കം. അങ്ങനെയെങ്കില്‍ നിലവില്‍ തുറന്ന സ്പില്‍വേ ഷട്ടറുകള്‍ അടയ്ക്കാനോ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനോ സാധ്യതയുണ്ട്. റൂള്‍കർവിന്റെ അടിസ്ഥാനത്തില്‍ ഷട്ടറുകള്‍ അടയ്ക്കുകയാണെന്ന് തമിഴ്നാടിന് കേരളത്തെ അറിയിക്കേണ്ട ആവശ്യവുമില്ല. ഈ മാസം 11ന് ഹരജി സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞുവരികയാണ്. തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറയ്ക്കുന്നില്ലെങ്കില്‍ ജലനിരപ്പ് ഇനിയും താഴും. ഡാമില്‍ നീരൊഴുക്കും കാര്യമായി കുറഞ്ഞു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതിനാല്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പില്‍ നേരിയ വർധനയുണ്ടായി. 2398.30 അടിയാണ് ഇപ്പോള്‍ ജലനിരപ്പ്