കോട്ടയത്ത് നാട്ടുകാരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
ഉത്രാട ദിവസം രാത്രിയിലാണ് കോട്ടയം പേരൂരിൽ തെരുവ് നായ ആക്രമണം ഉണ്ടായത്
കോട്ടയം: പേരൂരിൽ നാട്ടുകാരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ആറുപേരെയാണ് ഉത്രാട ദിവസം തെരുവ് നായ കടിച്ചത്. ഉത്രാട ദിവസം രാത്രിയിലാണ് കോട്ടയം പേരൂരിൽ തെരുവ് നായ ആക്രമണം ഉണ്ടായത്. ഒരാളെ വീടിനുള്ളിൽ കയറി കടിച്ച തെരുവ് നായ വഴിയിൽ ഉണ്ടായിരുന്ന അഞ്ച് പേരെ കൂടി കടിക്കുകയായിരുന്നു. പലർക്കും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് നായ ചത്തതോടെയാണ് പരിശോധന നടത്തിയത്. തിരുവല്ലയിലെ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ബാക്കിയുള്ള പരിശോധനകൾ കൂടി ഉടൻ നടത്തും.
കോട്ടയം വയലയിൽ രണ്ട് പേരെ കടിച്ച നായയും ചത്തു. ഈ നായക്ക് പേ വിഷബാധ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. തിരുവോണ ദിവസം കണ്ണൂർ ഏഴാം മൈലിൽ വിദ്യാർത്ഥികളെ തെരുവുനായ്ക്കൾ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തലനാരിഴക്കാണ് വിദ്യാർത്ഥികൾ രക്ഷപെട്ടത്.
പാലക്കാട് പട്ടാമ്പിയിൽ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ യുവാവിനെ തെരുവ് നായ ആക്രമിച്ചു. വിളയൂർ സ്വദേശി സാബിത്തിനെയാണ് തെരുവ് നായ ആക്രമിച്ചത്. തൃശ്ശൂർ കോടന്നുരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രികൻ അപകടത്തിൽ പ്പെട്ടു. തൃശൂർ പുത്തൻ റോഡ് സ്വദേശി ഫ്രാൻസിനാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയും ബൈക്ക് യാത്രക്കാരിയായ സ്ത്രീക്ക് നേരെ തൃശ്ശൂരിൽ തെരുവ് നായ ആക്രമണം ഉണ്ടായിരുന്നു.