'എന്റെ സംസ്‌കാരമനുസരിച്ച് ഞാൻ അദ്ദേഹത്തെ ഇറക്കിവിടുന്നത് ശരിയല്ലല്ലോ'; ഹകീം ഫൈസി സാദിഖലി തങ്ങളെ വഞ്ചിച്ചെന്ന് ഹമീദ് ഫൈസി

"എന്റെ വശം കേൾക്കാൻ സമസ്ത തയ്യാറായിട്ടില്ല എന്നാണ് ഹകീം ഫൈസി പറയുന്നത്. അദ്ദേഹത്തെ പല തവണ കേട്ടിട്ടുണ്ട്. "

Update: 2023-02-22 09:27 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട്: ആദൃശേരി ഹകീം ഫൈസി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയാണ് സാദിഖലി ശിഹാബ് തങ്ങൾ നാദാപുരത്തെ വാഫി പരിപാടിയിൽ പങ്കെടുത്തതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. എന്നാൽ ഹകീം ഫൈസി തങ്ങളെ വഞ്ചിച്ചതായും പൊതുപരിപാടിയിലെ മാന്യത കൊണ്ടാണ് ഇറക്കിവിടാതിരുന്നതെന്നും ഹമീദ് ഫൈസി പറഞ്ഞു. കോഴിക്കോട് സമസ്ത ഓഫീസിൽ ചേർന്ന എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് സംയുക്ത നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാദാപുരത്ത് വാഫി കോളജ് ശിലാസ്ഥാപച്ചടങ്ങിലാണ് ആദർശ വ്യതിയാനം ആരോപിച്ച് സമസ്ത പുറത്താക്കിയ ഹകീം ഫൈസിയും സാദിഖലി തങ്ങളും വേദി പങ്കിട്ടത്. ഇതേക്കുറിച്ച് ഹമീദ് ഫൈസി വിശദീകരിച്ചത് ഇങ്ങനെ;

'തങ്ങൾ ഇങ്ങോട്ട് പറഞ്ഞു, ഞാനാ പരിപാടിക്ക് പോകുന്നുണ്ട്. ആ സ്ഥലത്ത് സ്ഥാപനം സ്ഥാപിക്കാൻ വേണ്ടി കൊടുത്ത സ്ഥലം, നമ്മുടെ വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തകന്റെ മാതാവിന്റേതാണ്. അത് നിങ്ങൾക്കറിയാമല്ലോ. അവർ വല്ലാതെ പറയുന്നുണ്ട് പോകണമെന്ന്, തങ്ങളുടെ കൈ കൊണ്ട് ശിലാസ്ഥാപനം നടത്തണമെന്ന്. അങ്ങനെ ഞാൻ പോകാൻ തീരുമാനിച്ചു. ഞാനവരുമായി ബന്ധപ്പെട്ട് സമസ്ത പുറത്താക്കിയ അബ്ദുൽ ഹകീം ഫൈസി ആദൃശേരി അതിൽ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തി. അത് നൂറു ശതമാനം ഉറപ്പുവരുത്തിയ ശേഷമാണ് ഞാനാ പരിപാടിയിൽ പങ്കെടുത്തത്. പക്ഷേ, പങ്കെടുത്തപ്പോൾ ഇദ്ദേഹം അവിടെ വന്നിട്ടുണ്ട്. എന്റെ സംസ്‌കാരമനുസരിച്ച് ഞാൻ അദ്ദേഹത്തെ ഇറക്കിവിടുന്നത് ശരിയല്ലല്ലോ എന്ന നിലയിൽ വളരെ പ്രധാനപ്പെട്ട ആളുകളിൽനിന്ന്, വിശ്വാസയോഗ്യമായി നമുക്ക് വിവരം കിട്ടി. ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളരെ ക്ലിയറാണ്, തങ്ങളും സമസ്തയുടെ നിലപാട് പ്രായോഗികമാക്കുന്നതിൽ മുൻനിരയിലാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിച്ചു. ഇതാണാ വിഷയത്തിലുള്ളത്. മറിച്ച്, തങ്ങൾ സുന്നി യുവജന സംഘം തീരുമാനം ലംഘിച്ചു പോയി എന്നും വിലക്ക് ലംഘിച്ചുവെന്നും തങ്ങൾക്കെതിരെ തീരുമാനമെടുക്കാനാണ് മീറ്റിങ് വിളിച്ചു ചേർത്ത് എന്നതും തെറ്റായ പ്രചാരണമാണ്. ഹകീം ഫൈസിയും അദ്ദേഹത്തിന്റെ ചില കൂട്ടുകാരും സമസ്തയ്ക്കും അതിന്റെ സംവിധാനത്തിനും നേതാക്കന്മാർക്കും എതിരെ കുറച്ചുകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ദുഷ്പ്രചരണങ്ങൾ, അതിന്റെ നിജസ്ഥിതി സമൂഹമധ്യേ ബോധ്യപ്പെടുത്തി കൊടുക്കാൻ വേണ്ടി കോഴിക്കോട് വിപുലമായ കൺവൻഷൻ സംഘടിപ്പിക്കും.'

സമസ്തയെ നിരന്തരം വെല്ലുവിളിച്ചു മുമ്പോട്ടുപോയപ്പോഴാണ് ഹകീം ഫൈസിക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്റെ വശം കേൾക്കാൻ സമസ്ത തയ്യാറായിട്ടില്ല എന്നാണ് ഹകീം ഫൈസി പറയുന്നത്. അദ്ദേഹത്തെ പല തവണ കേട്ടിട്ടുണ്ട്. സമസ്ത ചേളാരി ഓഫീസിൽ വച്ചും വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് മദ്രസയില്‍‌ വച്ചും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വീട്ടില്‍ വച്ചും ചർച്ച നടത്തിയിട്ടുണ്ട്. മാന്യമല്ലാത്ത രീതിയിൽ ഒന്നര വർഷത്തോളം നിരന്തരം മുമ്പോട്ടു പോയപ്പോഴാണ് നടപടിയെടുത്തത്. വാഫി, വഫിയ്യ സംവിധാനം സമസ്തയുടേതാണ്. കോളജുകളുടെ കുട്ടികളെ ബ്രയിൻവാഷ് ചെയ്ത് സമസ്തയ്‌ക്കെതിരെ തിരിച്ചിട്ടുണ്ട്. സാദിഖലി തങ്ങളുമായി ചർച്ച ചെയ്ത് ആവശ്യമായ പരിഷ്‌കാരങ്ങൾ സിഐസിയിൽ വരുത്തും. ഇക്കാര്യത്തിൽ സമസ്ത മുഷാവറയുടേതാണ് അന്തിമ തീരുമാനം.' - അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈദരലി ശിഹാബ് തങ്ങൾ ഹകീം ഫൈസിയെ തിരുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം അത് അനുസരിക്കാൻ കൂട്ടാക്കിയില്ലെന്നും ഹമീദ് ഫൈസി ആരോപിച്ചു.

അതിനിടെ, സാദിഖലി തങ്ങളുടെ ആവശ്യപ്രകാരം സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിയാമെന്ന് ഹകീം ഫൈസി അറിയിച്ചിട്ടുണ്ട്. പാണക്കാട്ട് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. ഇന്ന് വൈകിട്ട് ഹകീം ഫൈസി രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News