പ്രദീപ് അപകടത്തില്‍പ്പെട്ടത് അച്ഛന്‍റെ ചികിത്സയ്ക്കായി നാട്ടിലെത്തി മടങ്ങിയതിനു പിന്നാലെ; വിടവാങ്ങിയത് രാഷ്ട്രപതിയുടെ പ്രശംസ നേടിയ സൈനികന്‍
അസുഖം മൂലം കിടപ്പിലായ അച്ഛനെ മരണ വിവരം അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ
കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ തൃശൂര്‍ സ്വദേശിയായ വ്യോമസേന അസിസ്റ്റന്‍റ് വാറണ്ട് ഓഫീസർ പ്രദീപ് അറയ്ക്കൽ മരിച്ച വാർത്ത അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് നാട്ടുകാർ. അസുഖം മൂലം കിടപ്പിലായ അച്ഛനെ മരണ വിവരം അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വിവരം അറിഞ്ഞ് സഹോദരന്‍ പ്രസാദ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.
തൃശൂർ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍റെ മകനാണ് പ്രദീപ്. ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കൾക്കുമൊപ്പം കോയമ്പത്തൂർ സൈനിക ക്വാർട്ടേഴ്സിലായിരുന്നു താമസം. അച്ഛന്‍റെ ചികിത്സാ ആവശ്യത്തിനായി നാട്ടില്‍ എത്തിയ പ്രദീപ്, തിരികെ ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടമുണ്ടായത്. ഭൗതിക ശരീരം ഡൽഹിയിൽ എത്തിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ടുവരിക.
പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയശേഷം 2002ലാണ് പ്രദീപ് വ്യോമസേനയിൽ ചേർന്നത്. വെപ്പൺ ഫിറ്റർ ആയാണ് നിയമിക്കപ്പെട്ടത്. പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഛത്തീസ്ഗഢിലെ മാവോവാദികൾക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. 2018ൽ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽനിന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹസേവനം കാഴ്ചവെച്ചു. ഒട്ടേറെ ജീവനുകൾ രക്ഷിച്ച ആ ദൗത്യസംഘത്തെ രാഷ്ട്രപതിയും സംസ്ഥാന സര്‍ക്കാരും അഭിനന്ദിക്കുകയുണ്ടായി.