വയോധികയോട് പരാക്രമം: എസ്.എച്ച്.ഒയ്ക്ക് സസ്‌പെൻഷൻ

എസ്.എച്ച്.ഒ മദ്യലഹരിയിലായിരുന്നെന്നും കസ്റ്റഡിയിലെടുത്ത സുനിൽ കുമാറിനെ സ്മിതേഷ് മർദിച്ചിരുന്നെന്നും സിറ്റി പോലീസ് കമ്മീഷണർ

Update: 2023-04-16 09:03 GMT
Editor : afsal137 | By : Web Desk
Advertising

കണ്ണൂർ: ധർമ്മടത്ത് മകനെ ജാമ്യത്തിൽ ഇറക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ വയോധികയോട് അപമര്യാദയായി പെരുമാറിയ എസ്.എച്ച്.ഒയ്ക്ക് സസ്‌പെൻഷൻ. ധർമ്മടം സി.ഐ കെ. സ്മിതേഷിനെ അന്വേഷണത്തിന്റെ ഭാഗമായാണ് സസ്‌പെൻഡ് ചെയ്തത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും കസ്റ്റഡിയിലെടുത്ത സുനിൽ കുമാറിനെ സ്മിതേഷ് മർദിച്ചിരുന്നെന്നും സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു.

ഇതു സംബന്ധിച്ച പരാതി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടും സിറ്റി പോലീസ് കമ്മീഷണർ തേടിയത്. പിന്നീട് ഉത്തരമേഖല ഐ.ജിയുടെ നിർദേശപ്രകാരം സിറ്റി പോലീസ് കമ്മീഷണർ നടപടി സ്വീകരിക്കുകയായിരുന്നു. ധർമ്മടം എസ്.എച്ച്.ഒയുടെത് മോശം പെരുമാറ്റമാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. സി.ഐ കെ. സ്മിതേഷ് മദ്യപിച്ച് മഫ്തിയിൽ എത്തിയിരുന്നുവെന്നും വലിയ തോതിൽ അതിക്രമം കാണിച്ചുവെന്നുമായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. തൊട്ടുപിന്നാലെ സിറ്റി പോലീസ് കമ്മീഷണർ തലശ്ശേരി ഓഫീസിലെത്തി സി.ഐയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.

മകനെ ജാമ്യത്തിൽ ഇറക്കാനെത്തിയ വയോധികയോടാണ് എസ്.എച്ച്.ഒ, കെ.വി സ്മിതേഷ് ആക്രോശിച്ചത്. അസഭ്യം പറയുകയും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. ധർമ്മടം പോലീസ് കസ്റ്റഡിയിലെടുത്ത അനിൽകുമാറിനെ ജാമ്യത്തിൽ ഇറക്കുന്നതിനായി സ്റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരനും എതിരെയാണ് സി.ഐ സ്മിതേഷ് അപമര്യാദയായി പെരുമാറിയത്. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ടാണ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. എസ്.എച്ച്.ഒയുടെ പരാക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അനിൽകുമാറിന്റെ അമ്മയെ ഇയാൾ തള്ളിയിട്ടതായി ആരോപണമുണ്ട്. അമ്മ നിലത്ത് വീണു കിടക്കുന്ന സമയത്ത് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെട്ട് ഇയാൾ ആക്രോശിക്കുന്നതും കാണാം.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News