നിരവധി മോഷണക്കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി 20 വർഷത്തിന് ശേഷം അറസ്റ്റിൽ
താമരശ്ശേരി അമ്പായത്തോട് സ്‌കൂളിന് സമീപം താമസിക്കുന്ന എ.എം വിനോദ് (40) നെയാണ് താമരശ്ശേരി ചുങ്കത്ത് വെച്ച് കുന്ദമംഗലം ഇൻസ്‌പെക്ടർ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വാറണ്ട് നിലനിൽക്കുന്ന പിടികിട്ടാപ്പുള്ളിയെ 20 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. പൊലീസിനെ വെട്ടിച്ച് കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഏറെക്കാലം ഒളിവിൽ കഴിഞ്ഞ താമരശ്ശേരി അമ്പായത്തോട് സ്‌കൂളിന് സമീപം താമസിക്കുന്ന എ.എം വിനോദ് (40) നെയാണ് താമരശ്ശേരി ചുങ്കത്ത് വെച്ച് കുന്ദമംഗലം ഇൻസ്‌പെക്ടർ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
2003 സെപ്റ്റംബർ 26ന് രാത്രി കുന്ദമംഗലം സ്റ്റേഷൻ പരിധിയിലെ പെരിങ്ങൊളത്തെ വി.കെ ഫ്‌ളോർ & ഓയിൽ മില്ലിൽനിന്ന് 22,000 രൂപ വിലയുള്ള ഒമ്പത് ചാക്ക് കൊപ്ര കവർന്ന കേസിലും, 2003 ഡിസംമ്പർ 19ന് രാത്രി കട്ടാങ്ങലിലെ കടയുടെ മുന്നിൽ സൂക്ഷിച്ച 42,000 രൂപ വിലവരുന്ന രണ്ട് ടൺ ഇരുമ്പ് കമ്പി മോഷ്ടിച്ചതിന് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ്.
ഇതിന് പുറമെ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസിലും, ചേവായൂർ സ്റ്റേഷനിൽ ഒരു കേസിലും, മുക്കം സ്റ്റേഷനിൽ ഒരു കേസിലും പിടികിട്ടാപ്പുള്ളിയാണ്. ഏതാനും ദിവസങ്ങളായി പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ചില സുഹൃത്തുക്കളുടെ വീട്ടിൽ പതിവായി പ്രതി എത്തുന്നുണ്ട് എന്ന് മനസ്സിലാക്കിയ പൊലീസ് ഇന്ന് ഉച്ചയോടെയാണ് പിടികൂടിയത്.