സിന്ധുവിന്‍റെ ആത്മഹത്യയിൽ വകുപ്പുതല നടപടി; ജൂനിയര്‍ സുപ്രണ്ടിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശം

ആരോപണ വിധേയയായ ജൂനിയർ സുപ്രണ്ട് അജിത കുമാരി നിർബന്ധിത അവധിയിൽ പോകണമെന്ന് മോട്ടോർ വാഹന വകുപ്പ്

Update: 2022-04-08 02:21 GMT
Editor : Jaisy Thomas | By : Web Desk
Advertising
Click the Play button to listen to article

വയനാട്: മാനന്തവാടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സീനിയർ ക്ലർക്ക് സിന്ധുവിന്‍റെ ആത്മഹത്യയിൽ വകുപ്പുതല നടപടി. ആരോപണ വിധേയയായ ജൂനിയർ സുപ്രണ്ട് അജിത കുമാരി നിർബന്ധിത അവധിയിൽ പോകണമെന്ന് മോട്ടോർ വാഹന വകുപ്പ്. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രാഥമിക നടപടി.

സിന്ധുവിന്‍റെ ആത്മഹത്യാ കുറിപ്പിൽ പേരെടുത്തു പറഞ്ഞ ആളുകളിലൊരാളായ അജിത കുമാരിക്കെതിരെയാണ് വകുപ്പുതല നടപടി. ജോലി സംബന്ധമായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരിൽ നിന്നേൽക്കേണ്ടി വന്ന മാനസിക പീഡനമാണ് സിന്ധുവിന്‍റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതിനൽകിയിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സിന്ധു നേരിൽ കണ്ട് പരാതി പറഞ്ഞിരുന്നതായി വയനാട് ആര്‍.ടി.ഒ ഇ. മോഹൻദാസും വ്യക്തമാക്കി.

സിന്ധുവിന്‍റെ മരണത്തിൽ ഗതാഗത മന്ത്രി ഗതാഗത കമ്മീഷണറോട് റിപ്പോർട്ട് തേടിയിരുന്നു. ജോയിന്‍റ് ആർ.ടി.ഒ ബിനോദ് കൃഷ്ണയക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ പി.രാജീവ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. കേസിൽ പൊലീസ് അന്വേഷണം പൂർത്തിയായ ശേഷം കുറ്റക്കാർക്കെതിരെ കൂടുതൽ വകുപ്പുതല നടപടികളുണ്ടാകും. സിന്ധുവിന്‍റെ മരണത്തിൽ നീതി തേടി വിവിധ രഷ്ട്രീയ പാർട്ടികളും സംഘടനകളും ഇന്നലെ സബ് ആർ.ടി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News