അച്ഛനെയും മകളെയും മോഷ്ടാക്കളാക്കി ചിത്രീകരിക്കാൻ ശ്രമിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥയെ പെരുമാറ്റ പരിശീലനത്തിന് അയക്കും
മൊബൈൽ ഫോൺ കാണാതായപ്പോൾ വ്യക്തത വരുത്തിയ ശേഷമായിരുന്നു മറ്റുള്ളവരോട് ചോദിക്കേണ്ടിയിരുന്നത്.
തിരുവനന്തപുരത്ത് അച്ഛനെയും മകളെയും മോഷ്ടാക്കളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആരോപണ വിധേയായ വനിതാ സിവിൽ പൊലീസ് ഓഫീസർ രജിതയെ 15 ദിവസത്തെ പെരുമാറ്റ പരിശീലനത്തിന് അയക്കാൻ തീരുമാനം.
മൊബൈൽ ഫോൺ കാണാതായപ്പോൾ വ്യക്തത വരുത്തിയ ശേഷമായിരുന്നു മറ്റുള്ളവരോട് ചോദിക്കേണ്ടിയിരുന്നത്. മൊബൈൽ ഫോൺ വാഹനത്തിൽ കണ്ടെത്തിയപ്പോൾ ക്ഷമ ചോദിക്കാതിരുന്നതും വീഴ്ചയെന്നാണ് വിലയിരുത്തൽ.
നേരത്തെ രജിതയെ അന്വേഷണവിധേയമായി കൊല്ലത്തേക്ക് സ്ഥലംമാറ്റിയിരുന്നു.
കഴിഞ്ഞ ദിവസം ആറ്റിങ്ങലിലാണ് പരാതിക്ക് ആസ്പദമായ സംഭവം. ഐ.എസ്.ആർ.ഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവർ നിൽക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിൻറെ വാഹനവും പാർക്ക് ചെയ്തിരുന്നു.
ഇതിനിടെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ജയചന്ദ്രൻ പറയുന്നു. ഇതിനിടെ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തിൽ ഇടപെട്ടു. മൊബൈൽ ഫോൺ പിന്നീട് പൊലീസ് വാഹനത്തിൽ നിന്നും കണ്ടെത്തി.
സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗമടക്കം അന്വേഷണം നടത്തി പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. അന്വേഷണവിധേയമായാണ് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. നേരത്തെ തന്നെ കുട്ടിയുടെ ബന്ധുക്കൾ ബാലാവകാശ കമ്മീഷനടക്കം പരാതി നൽകിയിരുന്നു. പരാതിയിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
.