ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ നടപടി തുടങ്ങി; 1962 പേര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി

അധ്യാപകർ പങ്കെടുക്കാത്തത് ഫലപ്രഖ്യാപനം വൈകാൻ കാരണമായെന്നാണ് ഉത്തരവിലുള്ളത്

Update: 2023-03-02 08:29 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കഴിഞ്ഞ മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ നടപടി എടുക്കാൻ സർക്കാർ ഒരുങ്ങുന്നു. ക്യാമ്പിന് എത്താത്തവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കാട്ടി അധ്യാപക സംഘടനകൾ രംഗത്ത് വന്നു.

മൂല്യനിർണയ ഡ്യൂട്ടിക്ക് എത്താത്ത 1962 അധ്യാപകർക്കാണ് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഈ മാസം 10നകം പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർക്ക് കാര്യകാരണസഹിതം വിശദീകരണം നൽകണം. 2019 മുതൽ നടന്ന വിവിധ ഹയർസെക്കൻഡറി പരീക്ഷകളുടെ ഇൻവിജിലേഷൻ, മൂല്യനിർണയ ക്യാമ്പ് ഡ്യൂട്ടികളുടെ സർട്ടിഫിക്കറ്റിന്റെ പകർപ്പ് പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ വിശദീകരണത്തിൽ ഉൾപ്പെടുത്തണം. കൃത്യമായ വിശദീകരണം നൽകാത്തവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.

എന്നാൽ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അധ്യാപക സംഘടനകൾ. മൂല്യനിർണയത്തിന്റെയും പരീക്ഷകളുടെയും പേരിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാർ നീക്കമെന്നും അധ്യാപകർ പറയുന്നു. അധ്യാപകർ പങ്കെടുക്കാത്തത് ഫലപ്രഖ്യാപനം വൈകാൻ കാരണമായെന്നാണ് ഉത്തരവിലുള്ളത്. എന്നാൽ മൂല്യനിർണയം പൂർത്തിയായി 20 ദിവസത്തിനു ശേഷമാണ് ഫലപ്രഖ്യാപനം നടന്നതെന്നും അധ്യാപകരുടെ കുറവ് ഫലപ്രഖ്യാപനത്തെ ബാധിച്ചിട്ടില്ലെന്നുമാണ് നോട്ടീസ് കിട്ടിയവരുടെ വാദം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News