ഒളിവിൽനിന്ന് പുറത്തേക്ക്; കൊച്ചിയിൽ എത്തി അഭിഭാഷകനെ കണ്ട് സിദ്ദീഖ്; ഒന്നും മിണ്ടാതെ മടങ്ങി
സുപ്രിംകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് താരം ഒളിവിൽനിന്ന് പുറത്തെത്തിയത്.
കൊച്ചി: ബലാത്സംഗക്കേസിൽ പൊലീസ് തിരയുന്നതിനിടെ ഒളിവിൽനിന്ന് പുറത്തെത്തി നടൻ സിദ്ദീഖ്. അഭിഭാഷകനെ കാണാനായി നടൻ കൊച്ചിയിൽ എത്തി. അഭിഭാഷകൻ രാമൻപിള്ളയുമായി സിദ്ദീഖ് കൂടിക്കാഴ്ച നടത്തി. ബലാത്സംഗക്കേസിനു പിന്നാലെ ഒന്നര ആഴ്ചയായി താരം ഒളിവിലായിരുന്നു. സുപ്രിംകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് താരം ഒളിവിൽനിന്ന് പുറത്തെത്തിയത്.
എന്നാൽ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ നടൻ തയാറായില്ല. ചോദ്യം ചെയ്യലിന് ഹാജരാവുമോ, അന്വഷണത്തോട് സഹകരിക്കുമോ, തുടർനീക്കങ്ങൾ എങ്ങനെയാണ്, ഇത്ര ദിവസം ഒളിവിലായതിൽ വലിയ വിമർശനം ഉയർന്നിരുന്നല്ലോ, അന്വേഷണ സംഘത്തിന്റെ നോട്ടീസ് ലഭിച്ചോ തുടങ്ങിയ ചോദ്യങ്ങളാണ് മാധ്യമപ്രവർത്തകർ ഉന്നയിച്ചത്. എന്നാൽ ഒരു വാക്കു പോലും പറയാതെ സിദ്ദീഖ് കാറിൽ കയറി പോവുകയായിരുന്നു.
മകൻ ഷഹീനും താരത്തോടൊപ്പമുണ്ടായിരുന്നു. അദ്ദേഹവും പ്രതികരിച്ചില്ല. കേസിൽ ഒന്നര ആഴ്ചയിലേറെയായി ഒളിവിലായിരുന്ന സിദ്ദീഖ് എവിടെ ആയിരുന്നെന്ന് വ്യക്തതയില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എറണാകുളത്തെ രണ്ട് വീടുകളിലും വിവിധ ഫ്ലാറ്റുകളിലുമടക്കം നടനായി അന്വേഷണം സംഘം വ്യാപക തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടുപിടിക്കാനായിരുന്നില്ല. തുടർന്ന് താരത്തിനായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് കൊച്ചിയിൽതന്നെ താരം വീണ്ടും പ്രത്യക്ഷപ്പെട്ടത്.
ഒളിവിലിരിക്കെതന്നെ മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. സിദ്ദീഖിന് നോട്ടീസ് നൽകണോ എന്ന കാര്യത്തിൽ അന്വേഷണ സംഘം ചർച്ച നടത്തുകയാണ്. സിദ്ദീഖിനെ വിളിച്ചുവരുത്തുന്നതിൽ പൊലീസ് നിയമോപദേശം തേടുകയും ചെയ്തു.
നിയമോപദേശം ലഭിച്ച ശേഷമാവും അന്വേഷണ സംഘം നോട്ടീസ് നൽകുക. സിദ്ദീഖിന്റെ അഭിഭാഷകനുമായി പൊലീസ് ബന്ധപ്പെട്ട് ഇന്നോ നാളെയോ നോട്ടീസ് നല്‍കാനാണ് തീരുമാനം. സുപ്രിംകോടതിയില്‍നിന്ന് ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ സിദ്ദീഖ് ഹാജരായാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും.
അതേസമയം, നോട്ടീസ് ലഭിക്കുന്നതിന് മുന്‍പേ തന്നെ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാവുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സിദ്ദീഖിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് ലൈംഗികപീഡന പരാതിയിൽ നടൻ സിദ്ദീഖിന് സുപ്രിംകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവിൽ പറയുന്നു. വിചാരണക്കോടതി ജാമ്യം നല്‍കി വിട്ടയക്കണം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കൂടുതൽ ഉപാധികൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു.
അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിക്കുന്ന സമയത്ത് ഹാജരാവണമെന്നുമാണ് ഉപാധി. സിദ്ദീഖിൻ്റെ അറസ്റ്റ് കോടതി രണ്ടാഴ്ചത്തേക്ക് തടയുകയും ചെയ്തു. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് താരം സുപ്രിംകോടതിയെ സമീപിച്ചത്.