'നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നു'; നടന്‍ രവീന്ദ്രന്‍ ഉപവാസ സമരത്തിന്
അതിജീവിതക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ 29 ന് രാവിലെ ഒന്‍പത് മണിക്ക് പ്രതിഷേധ പരിപാടി തുടങ്ങും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതിനെതിരെ പ്രതിഷേധവുമായി നടൻ രവീന്ദ്രൻ. നടിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി നിരാഹാര സത്യഗ്രഹം ഇരിക്കുമെന്ന് രവീന്ദ്രന്‍ അറിയിച്ചു. എറണാകുളം രാജേന്ദ്ര മൈതാനത്തിനടുത്തുള്ള ഗാന്ധി പ്രതിമക്ക് മുന്നിലാണ് ഉപവാസ സമരം. ഫ്രണ്ട്‍സ് ഓഫ് പി.ടി ആൻഡ് നേച്ചറിന്‍റെ നേതൃത്വത്തില്‍ നാളെയാണ് ഉപവാസം.
അതിജീവിതക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ 29 ന് രാവിലെ ഒന്‍പത് മണിക്ക് പ്രതിഷേധ പരിപാടി തുടങ്ങും. അഡ്വ. എ ജയശങ്കര്‍ ആണ് പ്രതിഷേധം പരിപാടി ഉദ്ഘാടനം ചെയ്യുക. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കും.
അഞ്ച് വര്‍ഷത്തിന് ശേഷമുള്ള പ്രതിഷേധ സമരമായിട്ടല്ല ഇതിനെ കാണേണ്ടതെന്ന് പറഞ്ഞ രവീന്ദ്രൻ അഞ്ച് വര്‍ഷം നീണ്ടുനിന്ന ഒരു പോരാട്ടത്തിന്‍റെ രണ്ടാം ഭാഗമാണിതെന്നും ഓര്‍മിപ്പിച്ചു. പുറത്തുവരുന്ന വാര്‍ത്തകളെല്ലാം നമ്മളെ ആശങ്കപ്പെടുത്തുന്നതാണ്. അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്നാണ് നമ്മള്‍ നോക്കുന്നത്. നീതിയെ അട്ടിമറിക്കാൻ പ്രവര്‍ത്തിച്ചവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം, എല്ലാവരും ശിക്ഷിക്കപ്പെടണം. രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഇതേ ഗാന്ധി പ്രതിമക്ക് മുന്നില്‍ നിന്ന് സമരം ചെയ്തയാളാണ് പിടി തോമസ്. അതിജീവിതയ്ക്ക് വേണ്ടി ആദ്യം രംഗത്തിറങ്ങിയതും അദ്ദേഹമാണ്. ഈ ഈ വിഷയം ജനശ്രദ്ധയില്‍ പെടുത്തിയതും അതിന്‍റെ ഗൗരവം അധികാരികള്‍ക്കുണ്ടാക്കി കൊടുത്തതും പി ടി തോമസാണ്.രവീന്ദ്രന്‍ പറഞ്ഞു.